മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ ആണ് സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പരാതിക്കാരന് വേണ്ടി അഭിഭാഷകൻ എം.ആർ.
അഭിലാഷ് ആണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ കേസിൽ സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സ്വകാര്യ വ്യക്തികൾ നൽകുന്ന പരാതികളിൽ കേസെടുക്കുമ്പോൾ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന ചട്ടം ചൂണ്ടിക്കാണിച്ചാണ് കെ.എം. എബ്രഹാം സുപ്രീംകോടതിയെ സമീപിച്ചത്.
ഈ നടപടിക്രമം പാലിച്ചിട്ടില്ലെന്ന വാദം അംഗീകരിച്ച കോടതി, നിയമവശങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചാണ് സ്റ്റേ അനുവദിച്ചിരുന്നത്. എന്നാൽ, അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന വാദം നിലനിൽക്കില്ലെന്നും കെ.എം.
എബ്രഹാമിന്റെ ഹർജി തള്ളണമെന്നുമാണ് സിബിഐയും ഇതിനിടെ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകണമെന്നാണ് പരാതിക്കാരനും സിബിഐയും ഒരുപോലെ ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

