കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നില്‍ നാട്ടുകാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ ഇന്നും തുടരുമെന്ന് റിപ്പോര്‍ട്ട്. മാലിന്യ ലോഡുമായി വാഹനങ്ങളെത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സമരസമിതി അധികൃതര്‍ക്ക് ഇന്നലെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുടര്‍ന്ന് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രദേശത്തേക്ക് മാലിന്യ ലോഡ് കൊണ്ടുവരില്ലെന്ന് പൊലീസ് സമരക്കാരെ അറിയിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റോഡ് ഉപരോധ സമരം ഇന്നലെ രാത്രി താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഉടൻതന്നെ ഫാക്ടറി നേരിട്ട് സന്ദര്‍ശിക്കുകയും, തുടര്‍ന്ന് ഹൈക്കോടതിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാന്‍ പുറപ്പെടുവിച്ച ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഫാക്ടറിയില്‍ നിന്നും സമീപത്തെ പുഴയിലേക്ക് മാലിന്യം തള്ളിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോർഡ് കര്‍ശന നോട്ടീസ് നല്‍കിയത്. ഈ ഉത്തരവിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി പൂട്ടല്‍ നടപടികള്‍ സ്റ്റേ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

