ഇന്ത്യൻ വംശജയായ യുവതിയെ വിവാഹം ചെയ്ത ന്യൂസിലാൻഡ് സ്വദേശിയായ വ്ലോഗർ കാൾ റോക്ക് നേരിട്ട ദുരനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.
തങ്ങളുടെ വിവാഹ ജീവിതത്തെയും ഭാര്യയുടെ നിറത്തെയും മുൻനിർത്തി പാകിസ്ഥാൻ സ്വദേശിയായ ഒരാൾ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കാൾ റോക്ക് തന്നെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
‘എന്റെ ഭാര്യയെ കുറിച്ചുള്ള അയാളുടെ ചോദ്യം എന്നെ ഞെട്ടിച്ചുകളഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. ‘അയാളെന്നോട് എന്താണ് ചോദിച്ചത് എന്ന് കേൾക്കുന്നതുവരെ കാത്തിരിക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
സംഭാഷണത്തിനിടെ, ‘നിങ്ങളുടെ ഭാര്യ ഇന്ത്യക്കാരിയാണോ’ എന്ന് പാകിസ്ഥാൻ സ്വദേശിയായ യുവാവ് ചോദിക്കുന്നു. തുടർന്ന്, ‘ഇന്ത്യക്കാർ ഇരുണ്ട
നിറമുള്ളവരാണ്, നിങ്ങൾ വെളുത്തയാളും’ എന്ന് പറഞ്ഞ് ഇയാൾ വംശീയമായ അധിക്ഷേപം തുടരുകയായിരുന്നു. എന്നാൽ, ഇത്തരം മോശം പരാമർശങ്ങളോട് പ്രതികരിക്കാൻ മുതിരാതെ ‘എനിക്ക് മനസിലായില്ല’ എന്ന് പറഞ്ഞ് കാൾ റോക്ക് സംയമനത്തോടെ ആ വ്യക്തിയെ അവഗണിക്കുകയാണ് ചെയ്തത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നിറത്തിന്റെ പേരിൽ വ്യക്തികളെ അധിക്ഷേപിക്കുന്ന പ്രവണതയ്ക്കെതിരെ വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തി.
പാകിസ്ഥാനിൽ നിന്നുള്ള നിരവധി പേരും ഇത്തരമൊരു മോശം പെരുമാറ്റത്തിനെതിരെ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാർ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നത് ലജ്ജാകരമാണെന്നും, അവഗണന തന്നെയാണ് ഇത്തരം ആളുകൾക്ക് നൽകേണ്ട
ഏറ്റവും വലിയ മറുപടിയെന്നും അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

