ആലപ്പുഴയിൽ അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡ് തകിടിവെളിയിൽ എസ് സുധീഷ് (35) ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് 3:15-ഓടെ പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു ദാരുണമായ സംഭവം നടന്നത്. കെട്ടിട
നിർമാണ തൊഴിലാളിയായ സുധീഷ്, ഭാര്യയോടൊപ്പം തിരുവല്ലയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. പഴവീട് ഭാഗത്ത് വെച്ച് ചായ കുടിക്കുന്നതിനായി വാഹനം നിർത്തി.
ഈ സമയം ബൈക്കിന് സമീപം നിന്ന് ചായ കുടിക്കുന്നതിനിടെയാണ് അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ സുധീഷിനെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈതവന ഭാഗത്തുനിന്നും ആലപ്പുഴയ്ക്ക് വരികയായിരുന്ന കാർ, റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് മൺകൂന കടന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നത്. അപകടത്തിൽപ്പെട്ട
വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നത് ആലപ്പുഴ പുന്നമട
സ്വദേശികളാണ്. വയറുവേദനയെത്തുടർന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
യുവതിയുടെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ച സുധീഷിന്റെ ഭാര്യ സുജിമോൾ (സുജ). മക്കൾ വരുൺദേവ്, വാമിക.
മാതാവ് ജാസ്മിൻ, സഹോദരൻ സുമേഷ്. സുധീഷിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

