ഫോർട്ട്കൊച്ചി ഇഎസ്ഐ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിന് പിന്നാലെ, ഞായറാഴ്ച പകലും കെട്ടിടത്തിൽ നിന്നും പുകയും ചെറിയ തോതിൽ തീയും ഉയർന്നു. മട്ടാഞ്ചേരിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
വെള്ളം എത്തിക്കുന്നതിനായി നാല് തവണ വാഹനങ്ങൾ ഉപയോഗിക്കേണ്ടി വന്നു. ശനി രാത്രി 10 മണിയോടെയാണ് ആദ്യമായി കെട്ടിടത്തിൽ തീപടർന്നത്.
മരുന്നുകൾ സൂക്ഷിക്കുന്ന സബ് സ്റ്റോറിലാണ് തീ ആദ്യം കാണപ്പെട്ടത്. ഡിസ്പെൻസറിയും സബ് സ്റ്റോറും ഉൾക്കൊള്ളുന്ന കെട്ടിടമാണിത്.
മട്ടാഞ്ചേരിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും, പുലർച്ചെ 3.10ഓടെ വീണ്ടും തീ ഉയരുകയായിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെ വീണ്ടും പുകയും തീയും ദൃശ്യമായതോടെ, യന്ത്രങ്ങൾ ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്നു.
ജില്ലാ ഫയർ ഓഫിസർ കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, ഗാന്ധിനഗർ, ക്ലബ് റോഡ്, തൃപ്പൂണിത്തുറ, അരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് യൂണിറ്റുകളും നാവിക സേനയുടെ ഐഎൻഎസ് വെണ്ടുരുത്തി, ഐഎൻഎസ് ദ്രോണാചാര്യ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യൂണിറ്റുകളും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. മട്ടാഞ്ചേരി സ്റ്റേഷൻ ഓഫിസർ പി.വി.
പ്രേംനാഥ്, അസി. സ്റ്റേഷൻ ഓഫിസർ സി.പി.
ബൈജു, ഫോർട്ട്കൊച്ചി സ്റ്റേഷൻ ഓഫിസർ പ്രവീൺ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഗ്നിരക്ഷാ സേനയുടെ നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം.
ഏകദേശം 1 കോടി രൂപയുടെ നഷ്ടം സംഭവത്തിൽ ഉണ്ടായതായാണ് കണക്കാക്കുന്നത്. മെഡിക്കൽ ഓഫിസർ ഡോ.ലിയ ജോർജ് പറയുന്നതനുസരിച്ച്, നഷ്ടപ്പെട്ട
മരുന്നുകളുടെയും ഉപകരണങ്ങളുടെയും കൃത്യമായ കണക്കെടുപ്പ് നടന്നു വരുന്നതേയുള്ളൂ. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡിസ്പെൻസറിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ സമയമെടുക്കുമെന്നും, രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

