ടെൽ അവീവ്: ഇസ്രയേലിൽ അറബ് പാർട്ടികളുമായി സഖ്യരൂപീകരണം നടത്തുന്നതിന് മുന്നോടിയായി നാല് കർശന ഉപാധികൾ മുന്നോട്ടുവെച്ച് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. ജൂത – വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിന്റെ യാഷർ പാർട്ടിയെ, അറബ് പാർട്ടികളുടെ സഖ്യമായ ജോയന്റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കം.
ഹമാസിനെ തീവ്രവാദ സംഘടനയെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്നതാണ് ഗാദി ഐസൻകോട്ട് മുന്നോട്ടുവെച്ച പ്രധാന ഉപാധികളിൽ ഒന്ന്. കൂടാതെ ഹമാസിന്റെ നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ഇസ്രയേലിനെ ജൂത – ജനാധിപത്യ രാജ്യമായി പൂർണ്ണമായി അംഗീകരിക്കുക, എല്ലാ പൗരൻമാർക്കും സൈനിക – സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് സഖ്യ രൂപീകരണത്തിനായി മുന്നോട്ടുവെച്ചിട്ടുള്ള മറ്റ് നിബന്ധനകൾ. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന, ഇടത് – പലസ്തീൻ ആഭിമുഖ്യമുള്ള പാർട്ടികളുടെ പിന്തുണ യാതൊരു ഉപാധികളുമില്ലാതെ സ്വീകരിച്ചാൽ അത് യാഷർ പാർട്ടിയുടെ പരമ്പരാഗത ജൂത വോട്ട് ബാങ്കിൽ വലിയ തോതിൽ ഉലച്ചിലുണ്ടാക്കുമെന്ന രാഷ്ട്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ഐസൻകോട്ടിന്റെ പുതിയ നിലപാടുകളോടെ ഇസ്രയേലിലെ വരാനിരിക്കുന്ന സർക്കാർ രൂപീകരണം കൂടുതൽ വൈകുമെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

