സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ട കുട്ടികൾക്കായി രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘കാതോട് കാതോരം’ പദ്ധതിയുടെ ഭാഗമായി നടന്ന സംഗമം ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് സാക്ഷിയായി.
കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ ശബ്ദത്തിന്റെ ലോകത്തേക്ക് മടങ്ങിയെത്തിയ കുരുന്നുകളെ കാണാൻ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി അപ്രതീക്ഷിതമായി ചടങ്ങിലെത്തി. പദ്ധതിയിലൂടെ ശസ്ത്രക്രിയ പൂർത്തിയാക്കിയ ഇടുക്കി ചെമ്മണ്ണാർ സ്വദേശി ആഞ്ചലോ മുതൽ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ കഴിഞ്ഞ നെട്ടൂർ സ്വദേശി ഉമറൂൾ ഫാറൂഖ് വരെയുള്ളവർ സംഗമത്തിൽ പങ്കെടുത്തു.
കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മമ്മൂട്ടി, അവരുടെ സ്ലേറ്റുകളിൽ ‘അമ്മ’ എന്ന് എഴുതിക്കൊടുത്തത് വൈകാരികമായ മുഹൂർത്തമായി മാറി. മാതാപിതാക്കളുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സദസ്സ് നിറകണ്ണുകളോടെയാണ് അത് ശ്രവിച്ചത്.
രണ്ട് മണിക്കൂറിലേറെ സമയം കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചെലവഴിച്ച താരം, അവർക്ക് ഭക്ഷണം വിളമ്പി നൽകുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. “ഈ കുരുന്നുകൾ വളർന്ന് വലിയൊരു നിലയിലെത്തട്ടെ എന്ന് ആഗ്രഹിക്കുകയാണ് ഞങ്ങൾ.
കുറച്ച് പേരെയെങ്കിലും സഹായിക്കാൻ സാധിച്ചല്ലോ. സഹായിക്കാൻ മനസ്സുള്ള ഡോക്ടർമാരും, രാജഗിരി പോലുള്ള ആശുപത്രിയും, അതിന്റെ കൂടെ കുറെ പ്രവർത്തകരും ഉള്ളപ്പോൾ കുറേക്കൂടി എളുപ്പമായി കാര്യങ്ങൾ, സന്തോഷം” എന്ന് മമ്മൂട്ടി പ്രതികരിച്ചു.
ഈ സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ സംസാരിച്ചു.
“ഒരു കുഞ്ഞ് ആദ്യമായി സ്വന്തം മാതാപിതാക്കളെ അമ്മ എന്നും അച്ഛാ എന്നും വിളിക്കുന്നതും, കേൾക്കുന്നതും, ആ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയാകുമ്പോൾ നമുക്ക് ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകൾക്ക് അതീതമാണ്. അതുകൊണ്ട് തന്നെയാണ് കാതോട് കാതോരം പദ്ധതി നമ്മുടെയെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്” – അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, രാജഗിരി ആശുപത്രി ഇഎൻടി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ.
രാജേഷ് രാജു, ഇംപ്ലാന്റ് സർജൻ ഡോ. സജിത്ത് അബ്രാഹാം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.
തോമസ് കുര്യൻ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ്.എസ്, രാജഗിരി ഡയറക്ടർ ഡോ. വി.എ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

