ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം പൊലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശികളായ വിപിൻ വിൻസെന്റ്, അജിത് വർഗീസ്, പാലക്കാട് സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് അറസ്റ്റിലായത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയാൽ പ്രതിഫലമായി പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ വഞ്ചിച്ചിരുന്നത്. വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഇരകളുമായി ബന്ധപ്പെടുകയും, അക്കൗണ്ടിലേക്ക് പണം വാഗ്ദാനം ചെയ്ത് രഹസ്യവിവരങ്ങൾ നേടിയെടുക്കുകയുമായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ ശേഖരിക്കുന്ന ബാങ്ക് പാസ്ബുക്കുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ മറ്റ് വലിയ തട്ടിപ്പ് സംഘങ്ങൾക്ക് മറിച്ച് വിൽക്കുകയാണ് ഇവർ ചെയ്തിരുന്നത്. ഈ സംഘത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊച്ചി സിറ്റി സൈബർ പൊലീസും സൈബർ ഡോമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ബാങ്ക് രേഖകളും സിം കാർഡുകളും കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ കുടുങ്ങിയത്. ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

