വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ നടന്ന വൻ മോഷണക്കേസിൽ പ്രതിയെ വേങ്ങര പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഐ.സി.ഡി.എസ്.
സെക്ഷനിൽ നിന്ന് സുപ്രധാന ഡിജിറ്റൽ ഉപകരണങ്ങൾ കവർന്ന കേസിൽ കാട്ടീവീട്ടിൽ ഇഹാബ് ഹംസ (44) ആണ് പിടിയിലായത്. നവംബർ മൂന്നാം തീയതി വൈകീട്ട് 5:30-നും നവംബർ നാലാം തീയതി രാവിലെയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്.
രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരവും ഓഫീസിലെ ഫയലുകൾ വാരിവലിച്ചിട്ട
നിലയിലും കണ്ടത്. തുടർന്ന് ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വേങ്ങര പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓഫീസ് പ്രവർത്തന സമയത്ത് കെട്ടിടത്തിന്റെ ചാവികൾ അലക്ഷ്യമായി വെച്ചതാണ് പ്രതിക്ക് കൃത്യം എളുപ്പമാക്കാൻ കാരണമായതെന്നും ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
അതേസമയം, പ്രതി വെങ്കുളം സ്വദേശിയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും, ഇയാൾ വർഷങ്ങൾക്ക് മുമ്പ് തന്നെ വേങ്ങര മാർക്കറ്റ് റോഡിലേക്ക് താമസം മാറിയതാണെന്നും പ്രദേശവാസികൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

