ബെംഗളൂരുവിൽ നിന്നും ലഖ്നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിൽ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി തിരികെ ഇറക്കിയത്.
വിമാനത്തിലെ ശുചിമുറിയിൽ നിന്നുമാണ് ഹൈജാക്ക് ചെയ്യുമെന്നുള്ള ഭീഷണിക്കുറിപ്പ് കണ്ടെടുത്തത്. കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ആകെ 178 യാത്രക്കാരുമായി വൈകുന്നേരം 5:50-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട 6E451 നമ്പർ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരൻ ഈ കുറിപ്പ് ആദ്യം കാണുന്നത്.
“ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും. ഇത് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും” എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
യാത്രക്കാരൻ വിവരം നൽകിയതിനെ തുടർന്ന് ഉടൻ തന്നെ ക്യാബിൻ ക്രൂ അംഗങ്ങൾ പൈലറ്റിനെ വിവരമറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം ബെംഗളൂരുവിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിന് പിന്നാലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിമാനത്തിനുള്ളിൽ സമഗ്രമായ പരിശോധനകൾ നടത്തി.
വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും തന്നെയാണ് ഈ കുറിപ്പ് വെച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ യാത്രക്കാരെ ചോദ്യം ചെയ്തു വരികയാണ്.
എങ്കിലും, കുറിപ്പ് വെച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ പൂർണ്ണ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ വിമാനം വീണ്ടും യാത്ര തിരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലെ വിവരങ്ങൾ ഇങ്ങനെയാണ്: “കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളെ ഉടൻ തന്നെ വിവരമറിയിക്കുകയും സുരക്ഷാ പരിശോധനകൾക്കായി വിമാനം പുറപ്പെട്ട
വിമാനത്താവളത്തിലേക്ക് തന്നെ തിരികെ എത്തിക്കാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു.
ഭക്ഷണം ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും യാത്രക്കാർക്ക് നൽകുന്നുണ്ട്”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

