പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നും ഞെട്ടിക്കുന്ന വിവാഹത്തട്ടിപ്പ് പുറത്തുവന്നു. പിസിഎസ് ഉദ്യോഗസ്ഥയായി ചമഞ്ഞ് പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവിനെ വിവാഹം കഴിച്ച യുവതി, മാസങ്ങൾക്കകം ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറി അമരീന്ദർ സിങ് മണ്ഡോഫാലും മൻവീന്ദർ കൗറും തമ്മിലുള്ള വിവാഹം നടന്നത്. പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ധ്വാൻ, കാബിനറ്റ് മന്ത്രി തരുൺപ്രീത് സിങ് സൗന്ദ് ഉൾപ്പെടെ നിരവധി പ്രമുഖ ആം ആദ്മി പാർട്ടി നേതാക്കളും ജനപ്രതിനിധികളും അന്നേദിവസം വിവാഹ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാഷ്ട്രീയ നേതാക്കൾ ദമ്പതികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഭാംഗ്ര കളിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ യുവതി സ്വർണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളുമായി വീടുവിട്ടുപോയെന്ന് അമരീന്ദർ സിങ് ആരോപിക്കുന്നു.
പിസിഎസ് ഉദ്യോഗസ്ഥയാണെന്നും അവിവാഹിതയാണെന്നും തെറ്റായി പരിചയപ്പെടുത്തിയ മൻവീന്ദർ കൗർ, തന്റെ യഥാർഥ പ്രായം മറച്ചുവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മൻവീന്ദറിന് 18 വയസ്സുള്ള ഒരു മകനുണ്ടെന്നും അമരീന്ദർ ആരോപിക്കുന്നുണ്ട്.
വ്യാജ വ്യക്തിത്വവും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും മുൻനിർത്തിയാണ് താൻ ഈ വിവാഹത്തട്ടിപ്പിന് ഇരയായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമരീന്ദർ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൻവീന്ദർ കൗർ ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൻവീന്ദറിന്റെ സഹോദരൻ തർലോചൻ സിങ്, അമ്മ വരിന്ദർജിത് കൗർ, ബന്ധുക്കളായ നരീന്ദർ സിങ് ഗോൾഡി, രൂപിന്ദർ കൗർ, മുൻ ഗ്രാമ സർപഞ്ച് സുരീന്ദർ സിങ് റാണ എന്നിവരാണ് എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

