നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതികളായ നാല് പേരെ കരുതൽ തടങ്കൽ നിയമമായ പിഐടി എൻഡിപിഎസ് ആക്ട് പ്രകാരം ജയിലിലടച്ചു. നല്ലളം സ്വദേശി സാജിദ് ജമാൽ അഹമ്മദ് (26), ചാലിയം കടലുണ്ടി സ്വദേശി അബു താഹിർ (26), മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ഷാഹിദ് ഹുസ്സൈൻ (29), വാണിമേൽ സ്വദേശി ഷംസീർ (36) എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
കസബ, മെഡിക്കൽ കോളജ്, ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ പദം സിങ് ഐ.പി.എസ് സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി ആഭ്യന്തര വകുപ്പ് ഒരു വർഷത്തേക്കുള്ള തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
സാജിദ് ജമാൽ അഹമ്മദ്, മാങ്കാവ് റോയൽ എൻഫീൽഡ് ഷോറൂമിന്റെ സമീപം കാറിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ച 36.320 ഗ്രാം എംഡിഎംഎയുമായി പിടിയിലായി ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് വീണ്ടും നടപടി നേരിടുന്നത്. ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
അബു താഹിർ, കഴിഞ്ഞ മാർച്ചിൽ രാമനാട്ടുകര സ്പേസ് റസിഡൻസി ലോഡ്ജിൽ നിന്ന് വിൽപനക്കായി കൈവശം വെച്ച 21.77 ഗ്രാം എംഡിഎംഎയുമായി പിടിയിലായി ജാമ്യത്തിൽ കഴിയവേയാണ് അറസ്റ്റിലാകുന്നത്. തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
ഷാഹിദ് ഹുസ്സൈൻ, ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകര വെച്ച് 21.77 ഗ്രാം എംഡിഎംഎയുമായി പിടിയിലായി ജാമ്യത്തിൽ കഴിഞ്ഞു വരവേയാണ് വീണ്ടും കുടുങ്ങിയത്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
ഷംസീർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരിയിൽ മിംസ് ആശുപത്രിക്കടുത്തുള്ള മർഹബ റൂംസ് ലോഡ്ജിൽ വെച്ച് 709.52 എംഡിഎംഎയുമായി പിടിയിലായി ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് വീണ്ടും ജയിലിലാകുന്നത്. പ്രതികൾ നാല് പേരും സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നവരാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇവർക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. സമൂഹത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന നിരന്തര കുറ്റവാളികളായതിനാലാണ് ഇത്തരത്തിലുള്ള ശക്തമായ നിയമനടപടി സ്വീകരിച്ചത്.
എൻഡിപിഎസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ, ലഹരി വിൽപനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകൾ എന്നിവ കണ്ടുകെട്ടുന്നതിനൊപ്പം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

