മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് സഹോദരീ ഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒടുവിൽ തീരുമാനം.
താൻ സ്ഥാനം രാജിവെക്കുന്നതായി ബെന്നി തോമസ് ഔദ്യോഗികമായി അറിയിച്ചു. മന്ത്രി സണ്ണി ജോസഫിന് ഈ വിഷയം ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തതെന്നാണ് സൂചനകൾ. ഈ നിയമനം സംബന്ധിച്ച് കെപിസിസി നേതൃയോഗത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നെന്നും, അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുന്ന നടപടികളിൽ നിന്ന് മാറിനിൽക്കണമായിരുന്നെന്നും മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. എന്നാൽ, പേഴ്സണൽ സ്റ്റാഫ് നിയമനം അപേക്ഷ ക്ഷണിച്ചോ, പരീക്ഷയും അഭിമുഖവും നടത്തി നടത്തുന്ന ഒന്നല്ല എന്നായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം.
അതേസമയം, മന്ത്രിയുടെ നടപടിയെ പ്രതിരോധിച്ച് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ പിസി വിഷ്ണുനാഥ് രംഗത്തെത്തി. വാർത്തകളിൽ വരുന്നത് പോലെ വലിയൊരു പ്രശ്നമല്ല ഇതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, കെപിസിസി യോഗത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ കർശന നിർദ്ദേശങ്ങൾ നൽകി. ശിപാർശകളുമായി ബന്ധപ്പെട്ട
കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “പത്ത് വർഷമായി ഉപദ്രവിച്ചവർക്ക് വേണ്ടി ശിപാർശയുമായി വരരുത്.
ശിപാർശ ഏറ്റെടുക്കും മുമ്പ് സ്വയം പരിശോധിക്കണം” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

