ഗാസ മുനമ്പിന്റെ 60 ശതമാനത്തിലധികം പ്രദേശങ്ങൾ നിലവിൽ ഇസ്രയേൽ പ്രതിരോധ സേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. ഈ ആധിപത്യം 70 ശതമാനത്തിലേക്ക് വ്യാപിപ്പിക്കാൻ സൈന്യം ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വിശദീകരിച്ചത്. ഹമാസിനെതിരെ അതിശക്തമായ സൈനിക നടപടികളാണ് തുടരുന്നതെന്ന് വ്യക്തമാക്കിയ ബെന്യാമിൻ നെതന്യാഹു, ‘‘ഗാസയിൽ എല്ലാ ഭാഗത്തുനിന്നും നമ്മൾ ഹമാസിനെ ഞെരുക്കുകയാണ്.
വീണ്ടും ആയുധം സംഭരിക്കാനോ നമ്മളെ ഉപദ്രവിക്കാനോ നമ്മൾ അവരെ അനുവദിക്കില്ല. അവരുടെ മുതിർന്ന കമാൻഡർമാരെ വകവരുത്തുന്നത് തുടരുകയാണ്’’ എന്ന് കൂട്ടിച്ചേർത്തു.
ലബനനിലെ ഹിസ്ബുല്ലയ്ക്കെതിരെ നടക്കുന്ന സൈനിക മുന്നേറ്റങ്ങളെക്കുറിച്ചും യോഗത്തിൽ പ്രധാനമന്ത്രി വിവരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 350 ഭീകരരെ വധിക്കാൻ ഇസ്രയേൽ സേനയ്ക്ക് സാധിച്ചു.
ഹിസ്ബുല്ല സൈനികർ പിന്തിരിഞ്ഞോടുകയാണെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് റിഡ്ജ് പിടിച്ചെടുത്തതായും അവിടെ നിന്നും വൻതോതിലുള്ള ഭൂഗർഭ തുരങ്ക ശൃംഖലകൾ കണ്ടെത്തിയതായും സൈന്യം റിപ്പോർട്ട് ചെയ്തു.
അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഭീകരവാദ ഗ്രാമങ്ങളെ പൂർണമായി ഇല്ലാതാക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. അതേസമയം, ഇസ്രയേലിലെ ഷാരോൺ മേഖലയിൽ സ്ഥിതിചെയ്യുന്ന കൊച്ചാവ് യാഇറിനു സമീപം ഞായറാഴ്ച നടന്ന വെടിവയ്പ്പിനെ ബെന്യാമിൻ നെതന്യാഹു ശക്തമായി അപലപിച്ചു.
ആക്രമണത്തിൽ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമിയെ സുരക്ഷാ സേന പിന്നീട് വധിച്ചു.
എല്ലാ മുന്നണികളിലും ഭീകരവാദത്തിനെതിരെ ഇസ്രയേൽ ശക്തമായി പോരാടുകയാണെന്നും സുരക്ഷാ സേനയും പൊലീസും എല്ലാ വർഷവും നൂറുകണക്കിന് ആക്രമണങ്ങൾ മുൻകൂട്ടി തടയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

