തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടി വി കെ (തമിഴക വെട്രി കഴകം) സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നിലംപൊത്തുമെന്ന ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ അവകാശവാദത്തെ സി പി എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം നിരാകരിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ ഒന്നേമുക്കാൽ കോടി ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ സർക്കാരിനെതിരെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് അനുചിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി ഷൺമുഖത്തിന്റെ പ്രതികരണം ഇങ്ങനെ: “ഒന്നേമുക്കാൽ കോടി ജനങ്ങൾ വോട്ട് നൽകി തിരഞ്ഞെടുത്ത ഭരണകൂടത്തെക്കുറിച്ച് സ്റ്റാലിനായാലും ഇ പി എസ്. ആയാലും ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തെറ്റാണ്.” നിലവിൽ തമിഴ്നാട്ടിൽ ഡി എം കെ സഖ്യമില്ലെന്നും, അതിനാൽ സഖ്യത്തിൽ തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തിൽ വോട്ടിന്റെ കണക്കുകൾക്കാണ് മുൻതൂക്കമെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡി എം കെ, എ ഐ എ ഡി എം കെ സഖ്യങ്ങൾ പരാജയം നേരിട്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ടി വി കെ സർക്കാരിനെ പിന്തുണയ്ക്കാൻ സി പി എം സംസ്ഥാന സമിതി സ്വതന്ത്രമായി തീരുമാനമെടുത്തതാണെന്നും, ഇതിനായി ആരുടെയും അനുമതി ആവശ്യമില്ലെന്നും പി ഷൺമുഖം വ്യക്തമാക്കി.
സഖ്യകക്ഷികൾ ടി വി കെ യെ പിന്തുണയ്ക്കുന്നത് ഡി എം കെ അനുവദിച്ചതുകൊണ്ടാണെന്ന എം കെ സ്റ്റാലിന്റെ വാദത്തെ അദ്ദേഹം ശക്തമായി വിമർശിച്ചു. നേരത്തെ, വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ എം കെ സ്റ്റാലിൻ, ഈ സർക്കാർ മൂന്ന് മാസം പോലും തികയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ജനങ്ങൾക്കിടയിൽ തന്നെ ഇത്തരമൊരു ചർച്ച ഉയർന്നു കഴിഞ്ഞെന്നും, പുതിയ ഭരണകൂടത്തെ ആറുമാസം വിമർശിക്കേണ്ടതില്ലെന്ന് കരുതിയിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും എം കെ സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

