കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് കാറിന്റെ അലൈൻമെന്റ് വൈകിയെന്നാരോപിച്ച് ടയർ സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരെ ക്രൂരമായ മർദനം. നാദാപുരം പേരോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്.
പാറക്കടവ് സ്വദേശിയായ അനസും സുഹൃത്തുക്കളും ചേർന്നാണ് അക്രമം അഴിച്ചുവിട്ടത്. സംഭവം നടന്നത് ഇന്നലെ രാവിലെയാണ്.
താൻ എത്തിയതിന് ശേഷം വന്ന വാഹനങ്ങളുടെ അലൈൻമെന്റ് ജോലികൾ നേരത്തെ പൂർത്തിയാക്കി നൽകിയെന്നും, തന്നെ അർഹമായ പരിഗണന നൽകിയില്ലെന്നും ആരോപിച്ച് അനസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. വാഹനങ്ങൾ എത്തുന്ന ക്രമമനുസരിച്ചാണ് അലൈൻമെന്റ് ചെയ്യുന്നതെന്ന് ജീവനക്കാർ വിശദീകരിച്ചെങ്കിലും ഇത് അംഗീകരിക്കാൻ ഇയാൾ തയ്യാറായില്ല.
തുടർന്ന് സ്ഥലത്തുനിന്ന് മടങ്ങിയ അനസ് അരമണിക്കൂറിനുള്ളിൽ സുഹൃത്തുക്കളുമായി മടങ്ങിയെത്തി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സൗരവ് എന്ന ജീവനക്കാരന്റെ മൂക്കിന്റെ പാലം തകരുകയും പല്ല് പൊട്ടുകയും ചെയ്തു.
നിലവിൽ നാദാപുരം ആശുപത്രിയിൽ ചികിത്സയിലാണ് സൗരവ്. സംഭവത്തിൽ ദൃശ്യങ്ങൾ പരിശോധിച്ച് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതി അനസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

