സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇതുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കസ്റ്റഡിയിലെടുത്ത രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി എറണാകുളം പിഎംഎൽഎ കോടതിയിൽ ഹർജി സമർപ്പിച്ചു. ആകെ 134 രേഖകൾ വിട്ടുനൽകണമെന്നാണ് ഇഡിയുടെ ആവശ്യം.
ഇതിൽ ഏറ്റവും പ്രധാനം വീണയും സിഎംആര്‍എല്ലും തമ്മിൽ 2016-ൽ ഒപ്പുവെച്ച കരാറാണ്. കൂടാതെ 2017-ൽ എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിൽ നടത്തിയ കരാറിന്റെ പകർപ്പുകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവ കൂടാതെ എക്സാലോജിക് കമ്പനിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വീണയുടെ ആദായനികുതി റിട്ടേൺ രേഖകൾ, എംപവർ ഇന്ത്യ കാപ്പിറ്റൽ കമ്പനിയുടെ വായ്പാ വിശദാംശങ്ങൾ, വീണയുടെ വായ്പാ തിരിച്ചടവ് രേഖകൾ തുടങ്ങിയവയും കോടതി മുഖേന ലഭിക്കാൻ ഇഡി നടപടി സ്വീകരിച്ചിരിക്കുകയാണ്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ ഐടി സേവനങ്ങൾ നൽകിയെന്ന പേരിൽ കരിമണൽ കമ്പനിയിൽ നിന്ന് വീണയ്ക്കും കമ്പനിയ്ക്കുമായി 2 കോടി 78 ലക്ഷം രൂപ കൈമാറിയതായാണ് ആരോപണം.
എന്നാൽ, ഇത്രയും തുക കൈപ്പറ്റിയിട്ടും എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്കായി കാര്യമായ സേവനങ്ങളൊന്നും ചെയ്തിട്ടില്ലെന്ന നിഗമനത്തിലാണ് എസ്എഫ്ഐഒ നേരത്തെ എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികളുമായി ഇഡി മുന്നോട്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

