ചാലക്കുടി – മലക്കപ്പാറ വിനോദസഞ്ചാര പാതയിൽ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ സഞ്ചാരികൾ പെരുമാറുന്നത് വലിയ ഭീഷണി സൃഷ്ടിക്കുന്നു. വിനോദസഞ്ചാരികളും വന്യമൃഗങ്ങളും മുഖാമുഖം വരുന്ന വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വിജനമായ വനപാതയിലാണ് ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ വർധിക്കുന്നത്.
വന്യമൃഗങ്ങളെ കാണുമ്പോൾ വാഹനങ്ങളിൽ നിന്ന് ഇറങ്ങി അടുത്തുചെന്നു ചിത്രങ്ങൾ പകർത്തുന്നത് സഞ്ചാരികൾക്കിടയിൽ പതിവായിരിക്കുകയാണ്. പ്രത്യേകിച്ച്, ബൈക്ക് യാത്രക്കാരുടെ ഭാഗത്തുനിന്നാണ് ഇത്തരം പ്രവണതകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പരിഷ്കരിച്ച സൈലൻസറുകൾ ഘടിപ്പിച്ച ആഡംബര ബൈക്കുകളിൽ അത്യുച്ചത്തിൽ ശബ്ദമുണ്ടാക്കിയും ഹോൺ മുഴക്കിയും വന്യജീവികളെ ഭയപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. പാതയോരത്തെ മുളങ്കൂട്ടങ്ങൾ ഭക്ഷിക്കാൻ എത്തുന്ന കാട്ടാനകളെയാണ് സഞ്ചാരികൾ കൂടുതലായി ശല്യപ്പെടുത്തുന്നത്.
വാൽപാറയിൽ നിന്നും ദിവസവും നൂറിലധികം ബൈക്ക് യാത്രികരാണ് വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാനായി ഈ വഴി കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയെ പിന്തുടർന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ യുവാക്കളെ വനം വകുപ്പ് പിടികൂടിയിരുന്നു.
തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി. മഴക്കാലം ആരംഭിച്ചതോടെ വനപാതയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചിരിക്കുകയാണ്.
സഞ്ചാരികൾ ആനകളെ പ്രകോപിപ്പിച്ചു കടന്നുപോകുമ്പോൾ, പിന്നീട് വരുന്ന വാഹനങ്ങളെ ആനകൾ ആക്രമിക്കാൻ മുതിരുന്നതും പതിവാകുന്നുണ്ട്. കേരളത്തിൽ നിന്ന് വാൽപാറ മേഖലയിലേക്കുള്ള വാഹനങ്ങൾക്ക് തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സമാനമായ രീതിയിൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കും കർശന നിയന്ത്രണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചെക് പോസ്റ്റുകളിൽ വനപാതയിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട
നിർദേശങ്ങൾ സഞ്ചാരികൾക്ക് നൽകിയിരുന്നത് നിലവിൽ നിലച്ചിരിക്കുകയാണ്. ഇത് വനപാലകർക്കും വെല്ലുവിളിയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

