സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ഇത്തവണ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിൽ നിലവിൽ മഴ മുന്നറിയിപ്പുകളില്ല.
വടക്കൻ കേരളത്തിനും കർണാടകയ്ക്കും മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായിരിക്കുന്നത്. വടക്കൻ ജില്ലകളിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലേർട്ട് തുടരും.
ഇതിനുശേഷം സംസ്ഥാനത്തുടനീളം കാലവർഷം ദുർബലമാകാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു. കടൽക്ഷോഭം കണക്കിലെടുത്ത് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം ഒൻപതു വരെ മീൻപിടുത്തത്തിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. ജനങ്ങൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ: പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും വാഹനയാത്രയിൽ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
മരങ്ങൾ കടപുഴകി വീഴുന്നത് വഴി വൈദ്യുതി തടസ്സമോ അപകടങ്ങളോ ഉണ്ടായേക്കാം. വീടുകൾക്കും മറ്റും ഭാഗിക കേടുപാടുകൾ സംഭവിക്കാനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നു.
കന്നുകാലികൾക്കും മനുഷ്യർക്കും മഴക്കെടുതികളിൽ ഭീഷണി നേരിട്ടേക്കാം. അതിനാൽ, അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരാനും ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും ജനങ്ങളോട് നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

