സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. മഴക്കെടുതികളിൽ പെട്ട് സംസ്ഥാനത്ത് ഇതുവരെ ആറ് പേർക്ക് ജീവൻ നഷ്ടമായി.
കാസർകോട് ആദൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് സഹോദരങ്ങൾ ദാരുണമായി മരിച്ചു. തൃശ്ശൂർ മണലൂരിൽ ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് വിഷ്ണു എന്ന യുവാവാണ് മരണപ്പെട്ടത്.
എറണാകുളം പട്ടിമറ്റത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീൽ എന്ന വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയിലുണ്ടായ അപകടത്തിൽ ഒഴുക്കിൽപ്പെട്ട് ഫാർമസിസ്റ്റായ രമ്യയും ഇവരുടെ ഏഴ് വയസുകാരനായ മകൻ ശിവാനന്ദും മരണപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

