പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പുർ ജില്ലയിൽ നാടിനെ ഞെട്ടിച്ച കൊലപാതകം. ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളിക്ഷേത്രത്തിലിരുന്ന ഭർത്താവ് പൊലീസ് പിടിയിലായി.
ബുധനാഴ്ചയാണ് അതീവ ഭയമുണർത്തിയ ഈ സംഭവം അരങ്ങേറിയത്. ചോരവാർന്ന ഭാര്യയുടെ തലയുമായി പ്രതി ഇരുന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തായി ഇവരുടെ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു എന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു.
സീമ സർക്കാർ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് റിന്റു ഘോസ് ആണ് പിടിയിലായത്.
ഗംഗാരാംപുർ നാരായൺപുരിലെ നാലാം വാർഡിലുള്ള ക്ഷേത്രത്തിൽ അറുത്തുമാറ്റിയ തലയുമായി റിന്റു ഇരിക്കുന്നത് ആദ്യം കണ്ടത് നാട്ടുകാരാണ്. ഇവർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും ഇയാളുടെ പക്കലുണ്ടായിരുന്നു. മറ്റെവിടെയെങ്കിലും വെച്ച് ഭാര്യയെ വധിച്ചതിനുശേഷമാണ് ഇയാൾ തലയുമായി ക്ഷേത്രത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “തന്റെ ജോലി നഷ്ടപ്പെട്ടെന്നും അതിന്റെ പേരിൽ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വന്നപ്പോൾ ഞാൻ സൈക്കോ ആയെന്നും”. മുൻപ് നോർത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനിൽ (എൻബിഎസ്ടിസി) കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു റിന്റു.
എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഇയാൾ ഏറെ പ്രയാസപ്പെട്ടിരുന്നതായി ബന്ധുവായ രാജേഷ് പ്രമാണിക് വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെട്ടതിന് ശേഷം ചില ചെറിയ കച്ചവടങ്ങൾക്ക് ശ്രമിച്ചെങ്കിലും സ്ഥിരമായൊരു വരുമാനം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
സമീപകാലത്തായി ഇയാളുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായിരുന്നുവെന്നും മാംസാഹാരം പൂർണ്ണമായി ഉപേക്ഷിച്ച ഇയാൾ ചില വിചിത്ര സ്വഭാവരീതികൾ കാണിച്ചുതുടങ്ങിയിരുന്നുവെന്നും പ്രമാണിക് കൂട്ടിച്ചേർത്തു. ഈ ദാരുണ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്നുള്ള വിവരങ്ങൾ ഇതുവരെയും വ്യക്തമായിട്ടില്ല.
ഇതിന്റെ യഥാർത്ഥ പശ്ചാത്തലം കണ്ടെത്താനായി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യലുകൾ നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

