കേരളത്തെ ഞെട്ടിച്ച നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കാറിന്റെ അമിതവേഗത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക സാങ്കേതിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അപകടത്തിന് കൃത്യം അഞ്ച് സെക്കൻഡ് മുമ്പ് വാഹനം മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. തുടർന്ന് മറ്റ് വാഹനവുമായി കൂട്ടിയിടിച്ച നിർണായക നിമിഷത്തിൽ വേഗത 144 കിലോമീറ്ററിലെത്തിയിരുന്നു.
എന്നാൽ, അപകടത്തിന് തൊട്ടുമുമ്പ് ഒരു സെക്കൻഡ് ബാക്കിനിൽക്കെ മാത്രമാണ് ഡ്രൈവർ ബ്രേക്ക് അപ്ലൈ ചെയ്തതെന്നും അന്വേഷണ സംഘത്തിന് കൈമാറിയ സാങ്കേതിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിന്റെ അന്വേഷണത്തിൽ അതിനിർണായകമാണ് ക്രാഷ് ഡാറ്റ പരിശോധന റിപ്പോർട്ട്.
വാഹനം അപകടത്തിൽപ്പെടുമ്പോൾ ബ്രേക്ക് ഉപയോഗിച്ചിരുന്നോ എന്ന കാര്യം ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക സാങ്കേതിക വിദഗ്ധരുടെ സംഘമാണ് പരിശോധന പൂർത്തിയാക്കിയത്. നിലവിലെ കുറ്റപത്രം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
പുതിയ കണ്ടെത്തലുകൾ ഒന്നാം പ്രതി സുഹൈൽ സജീവിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടസമയത്ത് മിനി കൂപ്പർ കാർ അതിവേഗതയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നേരത്തെ തന്നെ പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.
ഈ വാദത്തെ പൂർണ്ണമായും സാധൂകരിക്കുന്നതാണ് കാർ കമ്പനിയുടെ ശാസ്ത്രീയ റിപ്പോർട്ട്. വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ നിന്നും ലഭ്യമായ വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടാണ് കമ്പനി ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെ 1:45-ഓടെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വെച്ച് ഉണ്ടാകുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ച ഒന്നാം പ്രതി സുഹൈൽ സജീവ് സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്ന് പേരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്.
വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിക്കുകയായിരുന്നു.
അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ കുറ്റകൃത്യത്തിന് പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.
പ്രതികൾ മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പ്രാഥമിക കണ്ടെത്തലുകളിൽ വ്യക്തമായിരുന്നു. അതേസമയം, കേസിലെ പ്രതിയായ സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട അന്വേഷണവും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

