വിപണിയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്ന ദിവസത്തിനൊടുവിൽ കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്. രാജ്യാന്തര വിപണിയിലെ തളർച്ചയാണ് സംസ്ഥാനത്തെ വിലയിൽ പ്രതിഫലിച്ചത്.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,660 രൂപയിലെത്തിയപ്പോൾ, ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 1,09,280 രൂപയായി മാറി. രാജ്യാന്തര തലത്തിൽ ഇന്നലെ ഔൺസിന് 4141.50 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4151 ഡോളറിലേക്ക് കയറിയെങ്കിലും പിന്നീട് ശക്തമായ ഇടിവ് നേരിടുകയായിരുന്നു.
നിലവിൽ 4121 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണവില ഇടിയുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള പലിശ നിരക്ക് പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയതാണ് ഇതിലൊന്ന്. ഇത് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് പിന്തിരിപ്പിച്ച് ബോണ്ടുകളിലേക്ക് ആകർഷിക്കുന്നുണ്ട്.
ക്രൂഡോയിൽ വില മൂന്നക്കത്തിൽ തുടരുന്നതാണ് മറ്റൊരു കാരണം. ഉയർന്ന എണ്ണവില പണപ്പെരുപ്പം വർധിപ്പിക്കുമെന്നും, ഇത് നിയന്ത്രിക്കാൻ അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തുമെന്നുമുള്ള ആശങ്കയും വിപണിയിലുണ്ട്.
സമീപകാലത്ത് പുറത്തുവന്ന അമേരിക്കൻ തൊഴിൽ കണക്കുകൾ പലിശപ്പേടി കുറയ്ക്കാൻ സഹായിച്ചെങ്കിലും സ്വർണവിലയിൽ അത് വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. കൂടാതെ, അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയരുന്നതും വിലയിടിവിന് ആക്കംകൂട്ടിയിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് റഷ്യ തങ്ങളുടെ സ്വർണ വ്യാപാര പാത മാറ്റിയെഴുതിയിരിക്കുകയാണ്. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സ്വർണം നിലവിൽ ചൈന ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ വഴിയാണ് വിറ്റഴിക്കുന്നത്.
ഈ വർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ മാത്രം ഹോങ്കോങ് ഇറക്കുമതി ചെയ്തത് 112.7 ടൺ റഷ്യൻ സ്വർണമാണ്. 2021ൽ വെറും 3.3 ടണ്ണും, 2025ൽ 92.1 ടണ്ണുമാണ് ആകെ ഇറക്കുമതി ചെയ്തതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 2022 മാർച്ചിലാണ് റഷ്യയിലെ മുഴുവൻ സ്വർണ, വെള്ളി ഖനികൾക്കും ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. പിന്നാലെ യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളും റഷ്യൻ സ്വർണത്തിന് ഉപരോധം പ്രഖ്യാപിച്ചു.
തന്റെ ആകെ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നു ഭാഗവും ലണ്ടൻ വിപണിയിലൂടെയാണ് റഷ്യ വിറ്റിരുന്നത്. എന്നാൽ ഈ വിലക്കുകൾ നിലവിൽ വന്നതോടെ ആ വഴി പൂർണ്ണമായി അടഞ്ഞു.
ഇതോടെയാണ് ഉപരോധങ്ങളെ മറികടന്ന് ഹോങ്കോങ് വഴി സ്വർണം ചൈനയിലെത്തിക്കാൻ റഷ്യ തീരുമാനിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപഭോഗം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.
പുതിയ നിരക്ക് പ്രകാരം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി ഉൾപ്പെടെ കുറഞ്ഞത് 1.24 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. കേരളത്തിലെ ജ്വല്ലറികളിൽ ആഭരണങ്ങളുടെ ഡിസൈൻ അടിസ്ഥാനമാക്കി മൂന്നു മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്.
ഇതിനു പുറമെ 3 ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും ബാധകമായിരിക്കും. അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി.
14 കാരറ്റ് സ്വർണം ഗ്രാമിന് 8745 രൂപയിലും, 9 കാരറ്റ് സ്വർണം ഗ്രാമിന് 5640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 235 രൂപ എന്ന നിലയിലാണ് വിൽപ്പന തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

