പുതിയൊരു ഗൂഗിൾ പിക്സൽ അല്ലെങ്കിൽ മറ്റ് ആൻഡ്രോയിഡ് ഫോണുകൾ വാങ്ങി ആദ്യമായി ഓൺ ചെയ്യുമ്പോൾ സാധാരണയായി വൈഫൈ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ ഫോൺ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഫോണിലേക്ക് ഡാറ്റാ ട്രാഫിക് അനുവദിക്കുന്നതിന് മുൻപ് ചില പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ വരുത്തുന്നത് ഫോണിന്റെയും സ്വകാര്യതയുടെയും സുരക്ഷയ്ക്ക് ഏറെ പ്രധാനമാണ്.
പ്രത്യേകിച്ച് അപരിചിതമായ വൈഫൈ നെറ്റ്വർക്കുകളിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ അത്യാവശ്യമാണ്. മോഷണ പ്രതിരോധ സംവിധാനം (Theft Protection) വർദ്ധിച്ചുവരുന്ന മോഷണങ്ങളിൽ നിന്നും വിലയേറിയ ഉപകരണങ്ങളും പാസ്വേഡുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങളും സംരക്ഷിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.
ഫോൺ കട്ടുകൊണ്ടുപോകുന്നതുപോലെയുള്ള അസാധാരണമായ ചലനങ്ങൾ തിരിച്ചറിഞ്ഞ് ആൻഡ്രോയിഡ് ഉപകരണം സ്വയം ലോക്ക് ചെയ്യുന്ന മികച്ച ഒരു സംവിധാനമാണിത്. ഇതിൽ മൂന്ന് ഘടകങ്ങൾ ഉണ്ടെങ്കിലും ‘Theft Detection Lock’ ആണ് പ്രധാന സുരക്ഷാ മാർഗ്ഗം.
ഇത് സജീവമാക്കാൻ Settings > Security & privacy > Lost device protection > Theft protection എന്ന വിഭാഗം തിരഞ്ഞെടുക്കുക. സെറ്റിംഗ്സിൽ “Theft protection” എന്ന് തിരഞ്ഞെടുത്താലും ഈ ഭാഗത്തേക്ക് നേരിട്ട് എത്താം.
‘Theft Detection Lock’ ഓൺ ചെയ്യുന്നതിലൂടെ സുരക്ഷ ഉടൻ തന്നെ സജീവമാകും. കൂടാതെ ‘Offline Device Lock’ കൂടി ഓൺ ചെയ്യുന്നത് കൂടുതൽ സുരക്ഷ നൽകും.
ഫോൺ ഓഫ്ലൈൻ ആകുമ്പോൾ ഇത് സ്വയം ലോക്ക് ചെയ്യപ്പെടും. വീണ്ടും തുറക്കാനായി ബയോമെട്രിക്സിന് പകരം പാസ്വേഡോ പിൻ നമ്പറോ നൽകേണ്ടി വരും.
റിമോട്ട് ലോക്ക് (Remote Lock) മോഷണ പ്രതിരോധ സംവിധാനത്തിന്റെ മറ്റൊരു ഭാഗമാണ് റിമോട്ട് ലോക്ക്. മിക്ക ആൻഡ്രോയിഡ് പതിപ്പുകളിലും ഇത് സാധാരണയായി ഓഫ് ചെയ്തിരിക്കുകയാണ് പതിവ്.
ഇത് ഓൺ ചെയ്തുവെക്കുന്നത് വഴി കമ്പ്യൂട്ടറിലോ മറ്റൊരു സ്മാർട്ട്ഫോണിലോ നിന്ന് നിങ്ങളുടെ ഫോൺ റിമോട്ട് ആയി ലോക്ക് ചെയ്യാൻ സാധിക്കും. എവിടെയെങ്കിലും വെച്ച് ഫോൺ മറന്നുപോവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഡാറ്റ ചോരാതെ സംരക്ഷിക്കാൻ ഇത് ഉപകരിക്കും.
ഏതെങ്കിലും ബ്രൗസറിൽ നിന്ന് android.com/lock സന്ദർശിച്ച് മൊബൈൽ നമ്പർ നൽകിയാൽ ഫോൺ ലോക്ക് ചെയ്യാൻ സാധിക്കും. ഇത് സജീവമാണോ എന്ന് ഉറപ്പാക്കാൻ Settings > Security & privacy > Lost device protection > Theft protection എന്നതിൽ പരിശോധിച്ച് റിമോട്ട് ലോക്ക് ടോഗിൾ ഓൺ ചെയ്യുക.
അപരിചിത ട്രാക്കർ അലർട്ടുകൾ (Unknown Tracker alerts) ബ്ലൂടൂത്ത് സ്മാർട്ട് ടാഗുകൾ വസ്തുക്കളും വളർത്തുമൃഗങ്ങളും എവിടെയാണെന്ന് കണ്ടെത്താൻ വളരെ ഫലപ്രദമാണ്. എന്നാൽ ഇത്തരം ടാഗുകൾ ഉപയോഗിച്ച് ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ അത് ആശങ്കാജനകമാണ്.
ആപ്പിളിന്റെ എയർടാഗുകൾ ഉൾപ്പെടെയുള്ള ക്രോസ്-പ്ലാറ്റ്ഫോം ടാഗുകളെ കണ്ടെത്താനുള്ള സൗകര്യം ആൻഡ്രോയിഡിലുണ്ട്. നിങ്ങളുടെ അറിവില്ലാതെ കാറിലോ ബാഗിലോ ടാഗുകൾ വെച്ചിട്ടുണ്ടെങ്കിൽ പിക്സൽ അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോണുകൾ മുന്നറിയിപ്പ് നൽകും.
Security and privacy > More security and privacy > Unknown tracker alerts എന്ന വിഭാഗത്തിൽ പോയി ഇത് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. അടുത്തുള്ള അപരിചിത ട്രാക്കറുകൾ ഏതെങ്കിലും ഉണ്ടോ എന്ന് ഇതിലൂടെ പരിശോധിക്കാനും അവ എങ്ങനെ ഒഴിവാക്കാം എന്ന് മനസിലാക്കാനും സാധിക്കും.
ജിബോർഡ് സ്വകാര്യത ക്രമീകരണങ്ങൾ (Gboard privacy toggles) പിക്സലുകളിലും മറ്റ് ആൻഡ്രോയിഡ് ഡിവൈസുകളിലും സാധാരണയായി ഉപയോഗിക്കുന്ന കീബോർഡാണ് ജിബോർഡ്. എന്നാൽ ഫോൺ വാങ്ങുമ്പോൾ തന്നെ ഇതിൽ ഡാറ്റ ഗൂഗിളുമായി പങ്കുവെക്കാനുള്ള ഓപ്ഷൻ ഓൺ ചെയ്തിട്ടുണ്ടാകും.
അതായത് നിങ്ങൾ ടൈപ്പ് ചെയ്യുന്ന ഓരോ വാക്കും ജിബോർഡിന്റെയും മറ്റ് സേവനങ്ങളുടെയും നിലവാരം ഉയർത്തുന്നതിനായി ഗൂഗിളിന്റെ സെർവറുകളിലേക്ക് അയക്കപ്പെടുന്നു. ഇത് ഒഴിവാക്കാൻ Gboard തുറന്ന് Settings എടുക്കുക.
അല്ലെങ്കിൽ Settings > System > Keyboard > Keyboard apps > Gboard വഴി പ്രൈവസി ഓപ്ഷനിൽ എത്താം. അവിടെയുള്ള Share usage statistics, Personalize for you തുടങ്ങിയ ടോഗ്ളുകൾ ഓഫ് ചെയ്യുക.
നെറ്റ്വർക്ക് സുരക്ഷാ അറിയിപ്പുകൾ (Network security notifications) സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ നെറ്റ്വർക്കുകൾക്കായി സുരക്ഷാ ഫിൽട്ടറുകൾ ചേർക്കാവുന്നതാണ്. എൻക്രിപ്റ്റ് ചെയ്യാത്തതോ സുരക്ഷിതമല്ലാത്തതോ ആയ നെറ്റ്വർക്കുകളിലേക്ക് ഫോൺ കണക്റ്റ് ചെയ്യുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ‘Network notifications’ ഫീച്ചർ ഇതിനായി ഉപയോഗിക്കാം.
ആൻഡ്രോയിഡ് പതിപ്പുകളിൽ ഇത് സാധാരണയായി ഓഫ് ചെയ്തിരിക്കുകയാണ് പതിവ്. ഇത് ഓൺ ചെയ്യാൻ More security and privacy > More security and privacy > Mobile network security എന്നതിൽ പോകുക.
കൂടാതെ ‘Block 2G’ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. സുരക്ഷാ പ്രശ്നങ്ങളുള്ള 2G നെറ്റ്വർക്കുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
ടൈപ്പ് ചെയ്യുമ്പോൾ പാസ്വേഡ് മറച്ചുവെക്കുക (Hide passwords when you type) പാസ്വേഡ് നൽകുന്ന ബോക്സുകളിൽ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരവും വലുതായി കാണിക്കുന്ന രീതി മിക്ക കീബോർഡുകളിലും കാണാം. ഇത് ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ പാസ്വേഡ് മറ്റുള്ളവർ കാണാൻ ഇടയാക്കും.
സ്റ്റോക്ക് ആൻഡ്രോയിഡിലും പിക്സൽ ലോഞ്ചറിലും Settings > Security & privacy > Privacy controls എന്നതിൽ പോയി Show passwords for touchscreen ഓഫ് ചെയ്യുക. സാംസങ് ഗാലക്സി ഡിവൈസുകളിൽ Settings > Security and privacy > More security settings വഴി പാസ്വേഡ് ടോഗ്ൾ ഓഫ് ചെയ്യാം.
ഇത് വഴി പാസ്വേഡുകൾ ഡോട്ട് രൂപത്തിൽ മാത്രം കാണിക്കുകയും വിവരങ്ങൾ സുരക്ഷിതമായിരിക്കുകയും ചെയ്യും. ഫോൺ എപ്പോഴും അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുക (Always keep your phone updated) ഏതൊരു ഡിവൈസും സുരക്ഷിതമായി സൂക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പവുമായ വഴിയാണ് സിസ്റ്റം അപ്ഡേറ്റുകൾ പരിശോധിക്കുക എന്നത്.
പുതിയ സുരക്ഷാ പാച്ചുകളും ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകളും ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിലവിലുള്ള സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഡിവൈസ് ആദ്യമായി ഓൺ ചെയ്യുമ്പോൾ തന്നെ ഇതിനുള്ള അറിയിപ്പ് ലഭിക്കാറുണ്ട്.
ഒരുപക്ഷേ പരിശോധന നടന്നിട്ടില്ലെങ്കിൽ Settings > System > Software updates വഴി സിസ്റ്റം അപ്ഡേറ്റും ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റും പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

