നീണ്ടുനിൽക്കുന്ന അതിർത്തി തർക്കങ്ങൾ ഇരുരാജ്യങ്ങളിലെയും വാണിജ്യ മേഖലയെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റുമതിക്കാരുടെ 22,000 കോടി രൂപയാണ് അഫ്ഗാനിസ്ഥാന്റെ നടപടിയെ തുടർന്ന് നഷ്ടത്തിലായത്.
ഇതിന് മറുപടിയായി പാക്കിസ്ഥാനും സമാനമായ രീതിയിൽ നീങ്ങിയതോടെ അഫ്ഗാൻ വ്യാപാരികൾക്ക് 1920 കോടി രൂപയുടെ കനത്ത നഷ്ടം നേരിടേണ്ടി വന്നു. വ്യാപാര പാതകൾ പൂർണ്ണമായി അടഞ്ഞതോടെ അഫ്ഗാൻ വ്യാപാരികൾ ഒറ്റപ്പെട്ട
അവസ്ഥയിലാണുള്ളത്. കഴിഞ്ഞ 300 ദിവസത്തിലധികമായി ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്.
ഇതിന്റെ ഫലമായി അതിർത്തികളുടെ ഇരുവശങ്ങളിലും നൂറുകണക്കിന് ചരക്കുലോറികളാണ് കുടുങ്ങിക്കിടക്കുന്നത്. കറാച്ചി തുറമുഖം വഴിയുള്ള ആഗോള കയറ്റുമതിയും പാക്കിസ്ഥാനിലേക്കുള്ള ചരക്കുനീക്കവും തടസ്സപ്പെട്ടത് അഫ്ഗാൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു.
നിലവിൽ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളെയാണ് അഫ്ഗാനിസ്ഥാൻ തങ്ങളുടെ കയറ്റുമതിക്കായി ആശ്രയിക്കുന്നത്. അഫ്ഗാനിലേക്കുള്ള പാക്കിസ്ഥാൻ വ്യാപാരികളുടെ കയറ്റുമതിയും പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
പ്രതിവർഷം ശരാശരി 14,400 കോടി രൂപയുടെ ഉൽപന്നങ്ങൾ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നു. കൂടാതെ, അഫ്ഗാൻ വഴി ഏകദേശം 7,700 കോടി രൂപയുടെ സാധനങ്ങളാണ് മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് എത്തിച്ചിരുന്നത്.
ഈ മാർഗ്ഗങ്ങളെല്ലാം അടഞ്ഞതാണ് ഇരുവിഭാഗത്തിനും കോടികളുടെ നഷ്ടം വരുത്തിവെച്ചത്. നൻഗരാറിലെ തോർഖാം, കാണ്ഡഹാറിലെ സ്പിൻ ബോൽഡക്-ചമൻ, പാക്ടിയയിലെ ഖർലച്ചി, അങ്കൂർ ആഡ, ഖോസ്തിലെ ഗുലം ഖാൻ എന്നീ സുപ്രധാന അതിർത്തികൾ അടഞ്ഞുകിടക്കുന്നതാണ് പ്രധാന തിരിച്ചടിയായത്.
സാമ്പത്തിക തർക്കങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങളിലും വ്യാപാര മേഖലയെ കരുവാക്കരുതെന്നും അതിർത്തികൾ എത്രയും പെട്ടെന്ന് തുറന്നുനൽകണമെന്നും അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ബോർഡ് അംഗം ഖാൻ ജാൻ അലോകോസായ് ആവശ്യപ്പെട്ടു. ചരക്കുനീക്കം പൂർണ്ണമായി സ്തംഭിച്ചത് ആയിരക്കണക്കിന് ലോറി ഡ്രൈവർമാരുടെ ജീവനോപാധിയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പാക്കിസ്ഥാന്റെ ഏകപക്ഷീയമായ നടപടികൾ ഇന്ത്യയുമായുള്ള പരമ്പരാഗത വ്യാപാരബന്ധത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ വഴിയാണ് അഫ്ഗാൻ വ്യാപാരികൾ പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്സും ഔഷധച്ചെടികളും മറ്റു കാർഷികോൽപന്നങ്ങളും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.
അതിർത്തികൾ അടച്ചതോടെ ബദൽ മാർഗ്ഗങ്ങൾ തേടേണ്ടി വന്നത് സാമ്പത്തിക ഭാരം ഇരട്ടിയാക്കി. നേരത്തേ അരിക്ക് 2500 അഫ്ഗാനി ചെലവായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 3500 അഫ്ഗാനി കടന്നിട്ടുണ്ടെന്ന് കാബൂളിലെ വ്യാപാരിയായ അബ്ദുൽ ഹാദി വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

