കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ.
അനിയുടെയും ബീനാകുമാരിയുടെയും മകളായ അഭിരാമി (19), പൂയപ്പള്ളി സ്വദേശിയായ രാജീവ് (26) എന്നിവരാണ് മരണമടഞ്ഞത്. ശനിയാഴ്ച വൈകിട്ട് ശാസ്താംകോട്ടയിലെത്തിയ ഇരുവരും തടാകത്തിൽ ചാടുകയായിരുന്നു.
തുടർന്ന് ഞായറാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രാജീവും അഭിരാമിയും തമ്മിൽ പ്രണയത്തിലായിരുന്നു.
ഈ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് വിഷയത്തിൽ പൊലീസ് ഇടപെടൽ ഉണ്ടായിിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ടു നൽകിയിരുന്നു.
ശനിയാഴ്ച വൈകിട്ടോടെയാണ് അഭിരാമിയും രാജീവും തടാകത്തിനു സമീപമെത്തിയത്. സംഭവസ്ഥലത്തുനിന്നും ഇരുവരുടെയും ബാഗുകൾ കരയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

