മുഹമ്മയിൽ തെരുവുനായയുടെ ആക്രമണത്തെത്തുടർന്ന് പിന്നിലെ കാലുകൾ തളർന്ന നിലയിലായ ‘സുന്ദരി’ എന്ന പൂച്ചയ്ക്ക് പുനർജന്മം. നടക്കാൻ സാധിക്കാതെ അവശനിലയിലായിരുന്ന പൂച്ചയ്ക്ക് മണ്ണഞ്ചേരി കാവുങ്കൽ ചെമ്മാരപ്പള്ളി വീട്ടിൽ ഹരികുമാർ പ്രത്യേകമായി തയ്യാറാക്കിയ നാല് ചക്രങ്ങളുള്ള സഹായസംവിധാനം തുണയായി.
തുറവൂർ സിൽക്ക് ജീവനക്കാരനായ ഹരികുമാർ, സ്വന്തം പരിശ്രമം കൊണ്ടാണ് സുന്ദരിക്ക് സഞ്ചരിക്കാൻ ആവശ്യമായ വീൽ സപ്പോർട്ട് നിർമ്മിച്ചത്. ഗുരുതരമായി പരിക്കേറ്റ് കിടന്ന പൂച്ചയുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയതോടെയാണ് ഇദ്ദേഹം സഹായവുമായി മുന്നിട്ടിറങ്ങിയത്.
പുതിയ ചക്രങ്ങളുടെ സഹായത്തോടെ ഇപ്പോൾ സുന്ദരിക്ക് പതുക്കെ ചലിക്കാനും തനിയെ മുന്നോട്ട് നീങ്ങാനും സാധിക്കുന്നുണ്ട്. കാവുങ്കൽ പുളിമുട്ടിൽ വീട്ടിൽ താമസിക്കുന്ന അഭിഭാഷകൻ നിധീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പൂച്ച.
നാല് കുഞ്ഞുങ്ങളുള്ള സുന്ദരിക്ക് നിധീഷിന്റെ കുടുംബത്തിന്റെ പരിപാലനവും പ്രദേശവാസികളുടെ സ്നേഹപൂർവ്വമായ ഇടപെടലുകളും വലിയൊരു ആശ്വാസമായി മാറുകയാണ്. കരുണയുടെ ഈ കൈത്താങ്ങോടെ സുന്ദരിയുടെ ജീവിതം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

