ആര്യനാട് പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പിയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാനെത്തിയ ഇൻസ്പെക്ടറെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ കുളപ്പട സ്വദേശി യദുകൃഷ്ണൻ (21) ആണ് പിടിയിലായത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി 11 മണിക്കാണ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ സംഭവം നടന്നത്.
മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും, കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി സ്റ്റേഷനുള്ളിൽ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. തുടർന്ന്, ക്വാർട്ടേഴ്സിലുണ്ടായിരുന്ന ഇൻസ്പെക്ടർ ദേവരാജൻ വിവരമറിഞ്ഞ് സ്റ്റേഷനിലെത്തി.
തന്നെ കണ്ടതോടെ പ്രകോപിതനായ പ്രതി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് ഓടിപ്പോവുകയും, അവിടെയുള്ള ഡോക്ടർമാരുടെ കാബിനിലേക്ക് അതിക്രമിച്ചു കയറുകയുമായിരുന്നു. പിന്നാലെ എത്തിയ ഇൻസ്പെക്ടർ ദേവരാജനെ, പ്രതി ഇരുമ്പ് കസേര ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റ ഇൻസ്പെക്ടറുടെ തലയിൽ ആറ് തുന്നലുകൾ വേണ്ടിവന്നു. ആഴ്ചകൾക്ക് മുൻപ് സമാനമായ രീതിയിൽ വിവിധയിടങ്ങളിൽ പ്രതി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ആക്രമണം നടത്തുന്നതിന് മുൻപ് പൊലീസിനെ ഭീഷണിപ്പെടുത്തി ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്ന വിഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. അറസ്റ്റിന് പിന്നാലെ പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രതിയെ റിമാൻഡ് ചെയ്ത വിവരമറിഞ്ഞ് അമ്മ ബോധരഹിതയായി വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന നിലപാടിലാണ് ബന്ധുക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

