കേരളത്തിൽ നിന്നുള്ള അഞ്ചംഗ സുഹൃദ്സംഘം രാജസ്ഥാനിലെ ഖജുരാഹോയിലേക്ക് നടത്തുന്ന ഒരു റോഡ് യാത്രയുടെ കഥയാണ് ‘ഖജുരാഹോ ഡ്രീംസ്’. സൗഹൃദത്തിൻ്റെയും അപ്രതീക്ഷിത അനുഭവങ്ങളുടെയും ഒരു ദൗത്യത്തിൻ്റെയും ഈ യാത്രയിൽ ധ്രുവൻ, അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, അദിതി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേട്ടറിഞ്ഞ ഒരു കഥയുടെ ചുരുളഴിക്കാനിറങ്ങുന്ന അവർക്ക് ഖജുരാഹോയിലെ ഗ്രാമം കാത്തുവെക്കുന്നത് വെറുമൊരു യാത്രയ്ക്കപ്പുറമുള്ള ജീവിതപാഠങ്ങളാണ്. അർജുൻ അശോകൻ ഗൗതമായും, ശ്രീനാഥ് ഭാസി ഇഷാനായും, ഷറഫുദ്ദീൻ ജോബായും, അതിഥി രവി ലോലയായും, ധ്രുവൻ സൂര്യയായും ചിത്രത്തിൽ വേഷമിടുന്നു.
തൻ്റെ റൈഡർ സുഹൃത്തിനൊപ്പം ഖജുരാഹോയിൽ പോയപ്പോൾ കണ്ട ഒരു ഗ്രാമത്തിൻ്റെ കഥ സൂര്യ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതോടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
ഈ കഥയിൽ ആകൃഷ്ടരാകുന്ന സുഹൃത്തുക്കൾ ഒരുമിച്ച് ആ ഗ്രാമം കണ്ടെത്താനായി യാത്ര തിരിക്കുന്നു. ഒരു ഇന്ത്യൻ റോഡ് മൂവിയുടെ എല്ലാ ചേരുവകളും നിറച്ച്, കാഴ്ചയുടെ വിരുന്നൊരുക്കിയാണ് സംഘം തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്.
ഖജുരാഹോയിൽ ആ സുഹൃത്തുക്കളെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു. അപരിചിതമായ ഒരു സംസ്കാരത്തിലേക്ക് എത്തുന്ന അവർ ആ ഗ്രാമത്തിൻ്റെ ഭാഗമായി മാറുന്നതാണ് സിനിമയുടെ കാതൽ.
യാത്രകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അതിഥിയുടെ കഥാപാത്രവും സുഹൃത്തുക്കളും ചേർന്ന് പ്രതിസന്ധികളെ ഒന്നിച്ചു നേരിടുന്നു. ഒരു കഥ തേടിയുള്ള യാത്ര മാത്രമായി തുടങ്ങിയ അവരുടെ ലക്ഷ്യം പിന്നീട് വലുതാകുന്നു.
നർമ്മവും ആകാംക്ഷയും നിറഞ്ഞ രംഗങ്ങളാൽ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഖജുരാഹോയിലെ ദേവദാസി സമ്പ്രദായത്തെയും വിഖ്യാതമായ രതിശില്പങ്ങളെയും കുറിച്ച് പരാമർശിക്കുന്നതിനൊപ്പം, സൗഹൃദത്തിനും പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും സിനിമയിൽ പ്രാധാന്യം നൽകുന്നു.
ഒരു വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഓരോ അഭിനേതാക്കളുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. പ്രധാന താരങ്ങൾക്ക് പുറമെ ചന്ദുനാഥ്, ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, ബോളിവുഡ് താരം രാജ് അർജുൻ തുടങ്ങി നിരവധിപേർ ചിത്രത്തിൽ അഭിനയിക്കുന്നു.
‘മല്ലു സിങ്’, ‘കസിൻസ്’ തുടങ്ങിയ ഹിറ്റുകൾക്ക് തൂലിക ചലിപ്പിച്ച സേതുവിൻ്റേതാണ് തിരക്കഥ. ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.
നാസർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മനോജ് വാസുദേവാണ്. യാത്രകളെയും സൗഹൃദത്തെയും സ്നേഹിക്കുന്ന പ്രേക്ഷകർക്ക് മലയാളത്തിലെ യുവതാരനിര സമ്മാനിക്കുന്ന മികച്ചൊരു ദൃശ്യാനുഭവമായിരിക്കും ‘ഖജുരാഹോ ഡ്രീംസ്’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

