സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഎല്‍എം സ്ഥാപനത്തിന്റെ 103 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താത്ക്കാലികമായി മരവിപ്പിച്ചു. 320 ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഈ കേസില്‍ നേരത്തെ ബിഎല്‍എം സ്ഥാപകന്‍ ആര് പ്രേംകുമാര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, നടപടിക്രമങ്ങളിലുണ്ടായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയുണ്ടായി.
ഇതിനു പിന്നാലെ കേരളത്തിലടക്കം വിവിധയിടങ്ങളില്‍ ബിഎല്‍എം ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇഡി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ മാത്രം 12 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തി.
എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മൂന്നാര്‍, ചെന്നൈ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടന്നതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ഇഡി വ്യക്തമാക്കി. ലഭ്യമായ രേഖകള്‍ ക്രോഡീകരിച്ച ശേഷം ആര് പ്രേംകുമാറിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് സാധ്യത.
നിലവില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക എഫ്ഐആര്‍ ഫയല്‍ ചെയ്താണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ബിഎല്‍എം കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ദുരുപയോഗം ചെയ്തതാണ് കേസിന് ആധാരം.
കോഴിക്കോട് നിന്നുള്ള ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചെന്നൈയിലെത്തിയാണ് നേരത്തെ പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തത്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച നിക്ഷേപം നിയമവിരുദ്ധമായി സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള വ്യാജ കമ്പനികളിലേക്ക് വകമാറ്റിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

