പറക്കമുറ്റാത്ത കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തോടൊപ്പം ജപ്തി ചെയ്ത വീടിന്റെ അടുക്കള വരാന്തയില്‍ അന്തിയുറങ്ങേണ്ടി വന്ന മുന്‍ ത്രോബോള്‍ താരം അശ്വതിക്ക് ആശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി.
കേരള ബാങ്കില്‍ ഈ കുടുംബത്തിനുണ്ടായിരുന്ന മുഴുവന്‍ കടബാധ്യതകളും അദ്ദേഹം അടച്ചുതീര്‍ത്തു. “റേഷൻ വാങ്ങാൻ പോലും പൈസ ഇല്ലായിരുന്നു.
സ്കൂളിൽ പോകുന്ന മകൾക്ക് ഇടാൻ അടിവസ്ത്രം പോലുമില്ലാത്ത സാഹചര്യമാണ്. കീറിയ യൂണിഫോം ഇട്ടാണ് അവൾ പോകുന്നത്.
കളയാൻ ഇട്ട ചെരുപ്പ് കഴുകി വൃത്തിയാക്കി വീണ്ടും ഇട്ടു.
ഒരമ്മ എന്ന നിലയിൽ എത്രത്തോളം വേദന തനിക്ക് ഉണ്ടാകുമെന്ന് പറഞ്ഞാൽ മനസ്സിലാവില്ല…”- അശ്വതിയുടെ ഈ വാക്കുകള്‍ മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. വീട് നിര്‍മ്മിക്കുന്നതിനായി തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി പണയം വെച്ചാണ് കുടുംബം കേരള ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ വായ്പ എടുത്തത്.
ഭര്‍ത്താവ് നിധിന്ന് ഉണ്ടായ വാഹനാപകടവും, തുടര്‍ന്ന് മാതാപിതാക്കള്‍ രോഗികളായി മാറുകയും ചെയ്തതോടെ തിരിച്ചടവ് പൂര്‍ണ്ണമായി മുടങ്ങി. പലിശയുള്‍പ്പെടെ 35 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്.
തുടര്‍ന്ന് ബാങ്ക് സീല്‍ ചെയ്ത വീടിന്റെ അടുക്കള വരാന്തയിലേക്ക് നാലുമാസം മുമ്പ് ഈ കുടുംബം താമസം മാറ്റാന്‍ നിര്‍ബന്ധിതരായി തീരുകയായിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് അശ്വതിയുടെ ദുരിതജീവിതം എം.എ.
യൂസഫലിയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അദ്ദേഹം വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ബാങ്കിലെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കുകയുമായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് വാര്‍ത്ത ശ്രദ്ധയില്‍പെട്ടതെന്നും, കടബാധ്യതകള്‍ തീര്‍ത്ത് ഇന്ന് തന്നെ അശ്വതിയെയും കുടുംബത്തെയും വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയതായും ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് വ്യക്തമാക്കി.
ഈ സന്തോഷവാര്‍ത്തയറിഞ്ഞ് അശ്വതിയും കുടുംബവും കണ്ണീരോടെയാണ് പ്രതികരിച്ചത്. തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറുമെന്ന് കേരള ബാങ്ക് അധികൃതരും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

