നഗരസഭയുടെ കേന്ദ്ര ഓഫിസ് കോട്ടയം നാഗമ്പടത്തേക്ക് മാറ്റാൻ തീരുമാനം. നെഹ്റു പാർക്കിന് എതിർവശത്ത് ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്നു നിലവിൽ ലോറി പാർക്കിങ്ങിനായി ഉപയോഗിക്കുന്ന ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടസമുച്ചയം ഉയരുക.
ഭാവിയിൽ കോർപറേഷനായാൽ പ്രയോജനപ്പെടുത്താൻ കഴിയും വിധം വിപുലമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഇതിന്റെ നിർമാണം. ആദ്യഘട്ടത്തിൽ മൂന്നുനിലകളിലായി പണിയുന്ന സമുച്ചയത്തിൽ പാർക്കിങ് സംവിധാനം, കൗൺസിൽ ഹാൾ, ഓഡിറ്റോറിയം, വിവിധ സ്ഥിരസമിതി അധ്യക്ഷരുടെ ഓഫിസുകൾ, സന്ദർശക ഗാലറി എന്നിവ രാജ്യാന്തര നിലവാരത്തിലും ഐഎസ്ഒ മാതൃകയിലുമായിരിക്കും സജ്ജമാക്കുക.
ഭരണനടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓഫിസിൽ ഇ–ഫയലിങ് പൂർണ്ണമായും നിർബന്ധമാക്കും. ഇതിനുപുറമേ, നഗരസഭയുടെ കുമാരനല്ലൂർ, നാട്ടകം മേഖല ഓഫിസുകൾക്കായും പുതിയ ബഹുനിലക്കെട്ടിടങ്ങൾ നിർമിക്കും.
ഈ ഓഫിസുകളിലും കോൺഫറൻസ് ഹാളുകളും മിനി ഹാളുകളും ഉണ്ടാകും. “അർബൻ ചലഞ്ച് ഫണ്ട് ഉപയോഗിച്ചാണ് നിർമാണങ്ങൾ.
പ്രൊജക്ട് മാനേജിങ് കൺസൽറ്റൻസി മാതൃകയിൽ സർക്കാർ അംഗീകൃത ഏജൻസിയിൽനിന്നു കരാറുകൾ സ്വീകരിച്ചാകും നിർമാണ ഏജൻസിയെ തീരുമാനിക്കുക. നഗരത്തിന്റെ സമഗ്ര വികസനത്തിനും ഭാവിയിലേക്കുള്ള കുതിപ്പുമാണ്” എന്ന് നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ വ്യക്തമാക്കി.
പൊതു–സ്വകാര്യ പങ്കാളിത്തം (പിപിപി) മുഖേനയാണ് മറ്റ് പ്രധാന വികസന പദ്ധതികൾ നടപ്പാക്കുന്നത്. മറ്റു നിർമാണ പ്രവർത്തനങ്ങൾ
അനുപമ തിയറ്ററിന് എതിർവശത്തുള്ള ഷോപ്പിങ് കോംപ്ലക്സ് നിർമാണം, നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡ് നവീകരണം, തിരുവാതുക്കൽ എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയം നവീകരണം എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മറ്റ് പ്രധാന വികസന പ്രവർത്തനങ്ങൾ.
വർഷങ്ങളായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) സൂക്ഷിക്കുന്നതിനായി നൽകിയിരുന്ന തിരുവാതുക്കൽ എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയം ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നഗരസഭ ഇപ്പോൾ വീണ്ടെടുത്തത്. എന്നാൽ, ദീർഘകാലമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ കെട്ടിടത്തിന്റെ ടൈലുകൾ പൊട്ടിയും ഭിത്തികൾക്ക് വിള്ളൽ വീണും തകർന്ന നിലയിലാണ്.
തിരുനക്കരയിലും കഞ്ഞിക്കുഴിയിലും പുതിയ ബസ് സ്റ്റാൻഡുകൾ
പൊതു–സ്വകാര്യ പങ്കാളിത്ത (പിപിപി) വ്യവസ്ഥയിൽ കൂടുതൽ പദ്ധതികൾ പൂർത്തിയാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. തിരുനക്കരയിലും കഞ്ഞിക്കുഴിയിലും ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്, വടവാതൂർ കൺവൻഷൻ സെന്റർ എന്നിവയാണ് പിപിപി മാതൃകയിൽ നടപ്പാക്കുന്നത്.
“പുതിയ പദ്ധതികളെ സ്വാഗതം ചെയ്യുന്നു. എല്ലാം സുതാര്യമായിരിക്കണം.
പിപിപി പദ്ധതികൾക്ക് പ്രത്യേക അക്കൗണ്ടും ഓഡിറ്റും വേണം. ഒരു വർഷമാകാറായിട്ടും 53 വാർഡുകളിലെ തെരുവുവിളക്കുകൾ തെളിയിക്കാൻ കരാർ പുതുക്കാത്തത് ഭരണവീഴ്ചയാണ്.” എന്ന് പ്രതിപക്ഷ കൗൺസിലർ ഷീജ അനിൽ അഭിപ്രായപ്പെട്ടു.
തിരുനക്കരയിലെ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും അവിടെയുള്ള വ്യാപാരികൾക്ക് ബദൽ സംവിധാനം ഒരുക്കാൻ കഴിയാത്തത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, 2013 വരെ നഗരസഭ പരിധിയിലെ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന വടവാതൂർ മാലിന്യ സംഭരണ കേന്ദ്രത്തിലെ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്നതോടെ 9.7 ഏക്കറോളം സ്ഥലം മറ്റ് വികസന പ്രവർത്തനങ്ങൾക്കായി ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

