ന്യൂഡൽഹി ∙ അശുതോഷ് റാങ്കയ്ക്ക് പാക്കിസ്ഥാനിലെ രാഷ്ട്രീയക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ സിജെപി നേതൃത്വം രംഗത്ത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ നിലപാടുമായാണ് സിജെപി നേതാക്കൾ പ്രതികരിച്ചത്.
എക്സ് പ്ലാറ്റ്ഫോമിലൂടെ കേന്ദ്രമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചാണ് അശുതോഷ് റാങ്കെ തന്റെ എതിർപ്പ് വ്യക്തമാക്കിയത്. എങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഞങ്ങളുമായി ചർച്ചകൾ നടത്തിയതെന്നായിരുന്നു അശുതോഷ് റാങ്കയുടെ പ്രധാന ചോദ്യം.
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരിഹസിച്ചുകൊണ്ട് അശുതോഷ് റാങ്ക എക്സിൽ പങ്കുവെച്ച വരികൾ ഇങ്ങനെ: ‘‘ചോദ്യപേപ്പർ ചോർത്തിയത് ആരാണ് ?, പാക്കിസ്ഥാൻ. സ്കൂളുകൾ നശിപ്പിച്ചത് ആരാണ് ?, പാക്കിസ്ഥാൻ.
വോട്ട് മോഷ്ടിച്ചത് ആരാണ് ?, പാക്കിസ്ഥാൻ. രാജ്യത്ത് തൊഴിലില്ലായ്മ പടർത്തിയത് ആരാണ് ?, പാക്കിസ്ഥാൻ.’’ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും കേന്ദ്രമന്ത്രിയുടെ പരാമർശങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി.
ജിതേന്ദ്ര സിങ്ങിന്റെ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം, ഒരാൾ തലയിൽ പണക്കെട്ടുകൾ വെക്കുന്ന തരത്തിലുള്ള ഒരു ഹാസ്യരൂപേണയുള്ള ജിഫ് പങ്കുവെച്ചാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. നവംബർ 3ന് ബെംഗളൂരുവിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിനിടെയാണ് കേന്ദ്രമന്ത്രി ഗുരുതരമായ ഈ ആരോപണങ്ങൾ മുന്നോട്ടുവെച്ചത്.
അഭിജീത് ദിപ്കെയ്ക്ക് യുഎസ് ആസ്ഥാനമായുള്ള ദാതാക്കളിൽ നിന്നും, അശുതോഷ് റാങ്കയ്ക്ക് പാക്കിസ്ഥാനിലെ രാഷ്ട്രീയപ്രവർത്തകരിൽ നിന്നും ഇടനിലക്കാർ വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

