പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട
കേസിൽ നിർണായക വഴിതിരിവുകൾ. കേസിൽ അറസ്റ്റിലായ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
മൂന്നുമാസത്തിനിടെ പൊലീസ് തനിക്കൊരു നോട്ടീസ് പോലും നൽകിയില്ലെന്നും, അറസ്റ്റിലായ ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിലെ ഒന്നാംപ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പ്രധാനവാദമായി ഉയർത്തിക്കാട്ടി.
അതിനിടെ, കേസിൽ പ്രതികളുടെ പട്ടികയും കുറ്റപത്രവും ഉടൻ തയ്യാറാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പുതിയ പ്രതികളാകും.
കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കുമെന്നാണ് സൂചന. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് പ്രതികളെയും തിരിച്ചറിയുന്നതിനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കി.
യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുൻപ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ തുടർനടപടികൾ ഉണ്ടാകാതിരുന്നതിൽ ഡിജിപി, പത്തനംതിട്ട
എസ്പിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, സ്റ്റേഷനുള്ളിൽ അതിക്രമിച്ചുകയറി ശ്രീനാദേവി പ്രതിയെ കണ്ട
സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. സ്റ്റേഷന് പുറത്തുണ്ടായിരുന്ന പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും, ആ സമയത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാൽ മറ്റ് പോംവഴികൾ ഇല്ലായിരുന്നുവെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്ക് വിശദീകരണം നൽകി.
അതേസമയം, മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടുമെന്നും, പത്തനംതിട്ട
ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിവില്ലെന്നും അവർ വ്യക്തമാക്കി. പൊലീസ് അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു.
അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ശ്രീനാദേവിയുടെ പ്രതികരണം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

