കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം ഹൈമക്കെതിരെയാണ് വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കക്കോടി സ്വദേശിയായ യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് യുവാവും പ്രതിയും തമ്മിൽ പരിചയപ്പെടുന്നത്.
ഈ സൗഹൃദം പിന്നീട് വിവാഹാലോചനയിലേക്ക് വഴിമാറി. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെടുകയായിരുന്നു.
ഇതിനെത്തുടർന്ന് 20,81,450 രൂപ യുവാവ് യുവതിക്ക് കൈമാറി. എന്നാൽ, പണം നൽകിയതിന് പിന്നാലെ യുവതിയെക്കുറിച്ച് മറ്റ് ചില വിവരങ്ങൾ പുറത്തുവന്നത് യുവാവിനെ സംശയത്തിലാക്കി.
യുവതി നേരത്തെ വിവാഹിതയാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതോടെ താൻ വഞ്ചിക്കപ്പെട്ടതായി യുവാവ് തിരിച്ചറിഞ്ഞു. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഇരുവർക്കുമിടയിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ പരിശോധന നടത്തിവരികയാണ്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

