സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രി വി ഡി സതീശനോട് ഒരുകൂട്ടം നിർണായക ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ രംഗത്ത്. ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കെഎസ്ഇബിയുടെയും വൈദ്യുതി മന്ത്രിയുടെയും ശക്തമായ എതിർപ്പുകൾ അവഗണിച്ച്, ടെൻഡർ നടപടികളില്ലാതെ സ്വകാര്യ കമ്പനിയായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് സംഘടന പ്രതിഷേധവുമായി എത്തിയത്. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2230 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ കമ്പനിയുമായുള്ള ഇടപാടിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നത്.
ഹിമാചൽ സർക്കാർ യൂണിറ്റിന് 14.50 രൂപയ്ക്കും ജിഎൻഎ യൂണിറ്റിന് 8.63 രൂപയ്ക്കും വൈദ്യുതി നൽകാമെന്നാണ് സർക്കാരിനെ അറിയിച്ചതെന്നും, തുകയിലെ കുറവ് പരിഗണിച്ചാണ് ജിഎൻഎയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പീക്ക് അവറിൽ ഏറ്റവും കൂടുതൽ വൈദ്യുതി ലഭിക്കുന്നത് ജിഎൻഎയിൽ നിന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതിനെ തുടർന്നാണ് ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതെന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെങ്കിലും, സ്ഥലം മാറ്റത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ, ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ആദ്യം അനുകൂലിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
മുഖ്യമന്ത്രിയോട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ താഴെ പറയുന്നവയാണ്:
* ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ആരാണ് മുക്കിയത്?
* എം ജി രാജമാണിക്യത്തിന്റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ?
* ജിഎൻഎ പീക്ക് അവറിൽ കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് അടിസ്ഥാനമെന്ത്?
* കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി?
* യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ?
* ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചു?
* അധിക വൈദ്യുതി വാങ്ങാൻ അമിത താത്പര്യം കാട്ടുന്നത് എന്തിന്?
* ജിഎൻഎയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ?
* ജിഎൻഎ റെഗുലേറ്ററി കമ്മീഷൻ രേഖകൾ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

