ന്യൂയോർക്ക്: അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഉജ്ജ്വല വിജയം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളോടുള്ള ശക്തമായ ജനകീയ വിയോജിപ്പാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്.
കുടിയേറ്റക്കാരും, മുസ്ലിംകളും, സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായി വിജയിച്ചുവെന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ട്രംപിന്റെ പ്രസ്താവനകളാൽ ലോകം ഉറ്റുനോക്കിയ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി ചരിത്രനേട്ടം സ്വന്തമാക്കി.
ഇത് ട്രംപിന് കനത്ത തിരിച്ചടിയായി. വിർജീനിയയുടെ ആദ്യ വനിതാ ഗവർണറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബിഗെയ്ൽ സ്പാൻബെർഗറും തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂജേഴ്സി ഗവർണർ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ വിജയം ആവർത്തിച്ചു; മൈക്കീ ഷെറിലാണ് പുതിയ ഗവർണർ. ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ ഭരണാധികാരിയാകുന്നത് ട്രംപിന് കനത്ത തിരിച്ചടിയാണ്.
ന്യൂയോർക്കിലെ പ്രഥമ മുസ്ലിം മേയർ, ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ, ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നിങ്ങനെ നിരവധി റെക്കോർഡുകളോടെയാണ് ട്രംപിൻ്റെ കടുത്ത വിമർശകനായ സൊഹ്റാൻ്റെ ഈ ചരിത്രനേട്ടം. പ്രശസ്ത ഇന്ത്യൻ സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമിക് മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.
മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ ആയിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രധാന എതിരാളി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആൻഡ്രു കുമോയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.
മംദാനി വിജയിച്ചാൽ നഗരത്തിന് ഫെഡറൽ സഹായം നിർത്തലാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഈ വെല്ലുവിളികളെയെല്ലാം മറികടന്നായിരുന്നു സൊഹ്റാന്റെ മുന്നേറ്റം.
ജവാഹർലാൽ നെഹ്റുവിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മംദാനിയുടെ വിജയാഘോഷ പ്രസംഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

