ഡൽഹിയിലെ പ്രശസ്തമായ ശ്രീശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷ വേദിയിൽ പുതിയകാല ശൈലിയിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോളേജിലെ പൂർവ വിദ്യാർത്ഥികളെ ‘ഒജി’ (OG) എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി, പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ സഞ്ജീവ് സന്യാൽ തുടങ്ങിയ പ്രമുഖരുടെ സംഭാവനകളെ അനുസ്മരിച്ച അദ്ദേഹം, സ്ഥാപനത്തിന്റെ പെരുമ ലോകമെമ്പാടും എത്തിക്കാൻ ഈ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. 2013-ൽ താൻ ഇവിടെയെത്തിയ സന്ദർഭം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ആ സന്ദർഭം ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു. അന്നത്തെ യുപിഎ ഭരണകാലം രാജ്യത്തിന് ദുരിതകാലമായിരുന്നുവെന്നും അന്ന് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് അതിർത്തിയിലെ സൈനികരുടെ വീരമൃത്യു, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, വ്യവസായ മേഖലയിലെ തളർച്ച എന്നിവയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും രാജ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് ഈ മാറ്റമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഭീകരവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.
വികലമായ നയങ്ങൾ ഒഴിവാക്കി ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിലൂടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയായി രാജ്യം മാറി. നിലവിലുള്ള 7.8% വളർച്ച നിരക്ക് രാജ്യത്തിന്റെ ഊർജസ്വലതയാണ് കാണിക്കുന്നത്.
യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന കാലഘട്ടത്തിൽ പോലും ഇന്ത്യ ഈ നേട്ടം കൈവരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളല്ല താനെന്നും രാജ്യത്തിനായി വലിയ സ്വപ്നങ്ങളാണുള്ളതെന്നും അതിനായി ജീവൻ നൽകാനും തയ്യാറാണെന്നും അദ്ദേഹം വിദ്യാർത്ഥികളോട് വ്യക്തമാക്കി.
രാജ്യത്തിന്റെ യുവശക്തിയിലും കഴിവുകളിലും പൂർണ്ണ വിശ്വാസമുണ്ട്. വരുംകാലങ്ങളിൽ ഇന്ത്യ ആഗോള ഉത്പാദനത്തിന്റെ കേന്ദ്രമായി മാറുമെന്നും, കാർഷിക കയറ്റുമതിയിൽ സൂപ്പർ പവറാകുമെന്നും, സ്വന്തമായി സ്പേസ് സ്റ്റേഷൻ നിർമ്മിക്കുമെന്നും, ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുവാക്കളുമായി കൂടുതൽ സംവദിക്കുന്നതിന്റെ ഭാഗമായി സമകാലിക സംസ്കാരവും ഇൻറർനെറ്റ് ഭാഷയും രാഷ്ട്രീയ ചരിത്രവും കോർത്തിണക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

