കൊച്ചിയിൽ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജംക്ഷന് സമീപമുള്ള സ്ഥാപനത്തില് ഇന്നലെയായിരുന്നു സംഭവം.
മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെയാണ് മധ്യവയസ്കൻ സ്ഥാപനത്തിലെത്തിയത്. സംഭവത്തിന് അര മണിക്കൂർ മുൻപ് കടയുടമ ഉണ്ടോ എന്ന് ഇയാൾ സ്ഥാപനത്തിലെത്തി അന്വേഷിച്ചിരുന്നു.
പിന്നീട് ഫോണിൽ സംസാരിച്ചു കൊണ്ടു വന്ന തട്ടിപ്പുകാരൻ ‘കടയുടമയാണ് ഫോണിലെന്നും ആ ഡോക്യുമെന്റും കൗണ്ടറിലുള്ള കാശും തരാൻ പറഞ്ഞു’ എന്നും ജീവനക്കാരിയോട് ആവശ്യപ്പെട്ടു. ജോലിക്കു വന്നു തുടങ്ങിയിട്ട് ഏതാനും ദിവസം മാത്രമായ ജീവനക്കാരി തട്ടിപ്പു തിരിച്ചറിയാതെ പണമെടുത്തു നൽകുകയായിരുന്നു.
പണം എണ്ണാൻ തുടങ്ങിയപ്പോൾ ‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’ എന്ന് ഇയാൾ പറയുന്നതും പണം വാങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് അതിവേഗം ഇയാൾ കടയിൽ നിന്നിറങ്ങി പോവുകയും ചെയ്തു.
പണം കൊടുത്തതിനു പിന്നാലെ ജീവനക്കാരി കടയുടമ റിജാസ് കരീമിനെ വിളിച്ച് ഇത്തരമൊരാൾ പണം വാങ്ങിക്കൊണ്ടു പോയ വിവരം അറിയിക്കുകയായിരുന്നു. ഇതു കേട്ടതോടെയാണ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഉടമയ്ക്ക് മനസ്സിലായത്.
ഉടൻ തന്നെ കടവന്ത്ര പൊലീസിൽ പരാതി നൽകുകയും ചെയ്തു. റിജാസിനെ ഇന്ന് െമാഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
തട്ടിപ്പു നടത്തിയ ആളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാൾ മുൻപും സമാന തട്ടിപ്പ് കൊച്ചിയിൽ നടത്തിയിട്ടുണ്ടെന്നും ഒരു തട്ടിപ്പിനെ തുടർന്ന് കുറച്ചുകാലം ജയിലിൽ ആയിരുന്നു എന്നുമാണ് വിവരം ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ആലപ്പുഴ നോർത്ത് പൊലീസും സമാനമായൊരു കേസ് റജിസ്റ്റർ ചെയ്തിരുന്നു. വഴിച്ചേരിയിലുള്ള സ്ഥാപനത്തിലെത്തി കടയുടമയാണെന്ന വ്യാജേന മറ്റൊരാളെക്കൊണ്ട് ഫോൺ ചെയ്യിപ്പിച്ച് ജീവനക്കാരിയിൽ നിന്ന് 7500 രൂപ തട്ടിയെടുത്തതായിരുന്നു ആ സംഭവം.
വൈറ്റിലയിൽ തട്ടിപ്പു നടത്തിയ ആള് തന്നെയാണ് ഇതെന്ന് തന്നെയാണ് അധികൃതർ കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

