അവശേഷിക്കുന്ന ഇറാനിയൻ നേതാക്കളെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ സാധിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയിൽ രൂക്ഷമായ പ്രതികരണവുമായി ഇറാൻ രംഗത്ത്. അർമേനിയയിലെ ഇറാൻ എംബസി സമൂഹമാധ്യമമായ ‘എക്സ്’ വഴി പങ്കുവെച്ച കുറിപ്പിലൂടെയാണ് ശക്തമായ ഭാഷയിൽ ഇറാൻ മറുപടി നൽകിയത്.
“ആളുകളെ കൊല്ലാനാകും. പക്ഷേ, ആദർശങ്ങളെ ഇല്ലാതാക്കാനാകില്ല.
നിങ്ങൾ ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തി. എന്നാൽ യഥാർഥത്തിൽ നിങ്ങളൊരു പെർഫ്യൂം ബോട്ടിലാണ് തകർത്തത്.
അതിന്റെ സുഗന്ധം എല്ലായിടത്തും പരന്നു. നിങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല, കാരണം നിങ്ങൾക്ക് സംസ്കാരമോ പറയത്തക്ക ചരിത്രമോ ഇല്ല” – ഇറാൻ എംബസി വ്യക്തമാക്കി.
ഇറാനിലെ ശേഷിക്കുന്ന നേതാക്കളെ മുഴുവൻ ഒറ്റവെടിക്ക് ഇല്ലാതാക്കാൻ തനിക്ക് സാധിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഇത്തരമൊരു നടപടി സ്വീകരിച്ചാൽ ചർച്ചകൾക്ക് പിന്നീട് ആരും അവശേഷിക്കില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഇറാനിൽ നടന്ന സംസ്കാര ചടങ്ങുകളിൽ ജനങ്ങൾ പ്രകടിപ്പിച്ച വികാരങ്ങളെയും ട്രംപ് പരിഹസിച്ചു. വർഷങ്ങളായുള്ള രാഷ്ട്രീയ അടിച്ചമർത്തലുകളും സാമ്പത്തിക പ്രതിസന്ധികളും കാരണം ഇറാനിലെ ജനങ്ങൾക്ക് ഭരണനേതൃത്വത്തോട് കടുത്ത വിരോധമുണ്ടായിരിക്കുമെന്നാണ് താൻ കരുതിയതെന്ന് ട്രംപ് അവകാശപ്പെട്ടു.
“ഇറാനിലെ ജനങ്ങൾ ഖമനയിയെ വെറുത്തിരുന്നെന്ന് ഞാൻ കരുതി. ജനങ്ങളുടേത് കള്ളക്കണ്ണീരാകും” – ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

