തിരുവനന്തപുരം വിതുരയിൽ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി റോഡിന് നടുവിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്ന് കനത്ത യാത്രാദുരിതം. വിതുര കലുങ്ക് ജംക്ഷനിലാണ് ഇന്നലെ വൈകിട്ട് 5.15 ഓടെ നിരുത്തരവാദപരമായ പാർക്കിംഗ് മൂലം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചത്.
കലുങ്ക് ജംക്ഷൻ– പാലോട് റോഡിലുള്ള ഒരു ഹോട്ടലിന് മുന്നിലായി റോഡിന്റെ ഒത്ത നടുവിലാണ് ഡ്രൈവർ കാർ നിർത്തിയിട്ടത്. വാഹനം വഴിമുടക്കി കിടന്നതോടെ ഇരുവശങ്ങളിൽ നിന്നുമെത്തിയ കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്ക് കടന്നുപോകാൻ സാധിക്കാതെ വന്നു.
നെടുമങ്ങാട് റോഡിൽ നിന്നും പാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന സ്വകാര്യ ബസും ജംക്ഷനിൽ കുടുങ്ങിയതോടെ മറ്റ് വാഹനങ്ങളും പിന്നിലായി നിരനിരയായി തടസ്സപ്പെട്ടു. നിമിഷങ്ങൾക്കകം പ്രദേശത്ത് വലിയ രീതിയിലുള്ള വാഹന ക്യൂ രൂപപ്പെട്ടു.
പാലോട് റോഡിലെ ബസ് ഷെൽട്ടർ വരെയും പൊന്മുടി റോഡിലെ തയ്ക്കാപ്പള്ളി വരെയും നെടുമങ്ങാട് പാതയിലെ പോസ്റ്റ് ഓഫിസ് ജംക്ഷൻ വരെയും ഗതാഗതക്കുരുക്ക് നീണ്ടു. ഇതിനിടെ കുരുക്കിൽപ്പെട്ട
മറ്റൊരു വനിതാ ഡ്രൈവറുടെ കാർ പെട്ടെന്ന് എഞ്ചിൻ ഓഫായതും പ്രതിസന്ധി വർദ്ധിപ്പിച്ചു. തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ തന്നെ നേരിട്ടിറങ്ങി ഈ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്യുകയായിരുന്നു.
ഇതോടെ പ്രകോപിതരായ നാട്ടുകാരും യാത്രക്കാരും ചേർന്ന് റോഡിൽ കാർ ഉപേക്ഷിച്ചുപോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ കവലയിലെ ഒരു കടയിൽ ഇരുന്ന് സമാധാനമായി ജ്യൂസ് കുടിക്കുകയായിരുന്ന കാർ ഡ്രൈവറെ നാട്ടുകാർ കണ്ടെത്തി.
ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് കാർ മാറ്റിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഏകദേശം 20 മിനിറ്റോളമാണ് വിതുര കവലയെ പൂർണ്ണമായി നിശ്ചലമാക്കിക്കൊണ്ട് ഗതാഗത തടസ്സം നീണ്ടുനിന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

