കണ്ണൂർ ജില്ലയിലെ ചിറക്കൽ പഞ്ചായത്ത് ആറാം വാർഡിൽ പെട്ട രാഘവൻനഗർ ഉന്നതിയിലെ പനയൻ രോഹിണി എന്ന 72 വയസ്സുകാരി നേരിടുന്നത് അതീവ ദുരിതപൂർണ്ണമായ സാഹചര്യമാണ്.
അടച്ചുറപ്പില്ലാത്തതും മഴ പെയ്താൽ ചോർന്നൊലിക്കുന്നതുമായ ഒരു ചെറിയ മുറിയിലാണ് ഈ വയോധികയുടെ താമസം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ വീടിനുള്ളിലെ അടുപ്പും വിറകും നനഞ്ഞുപോയതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലും സാധിച്ചിരുന്നില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ആയപ്പോഴാണ് തനിക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിഞ്ഞതെന്ന് രോഹിണി വേദനയോടെ പറയുന്നു. പനയൻ രോഹിണിയുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണ്.
2001-ൽ ഭർത്താവ് സുധാകരൻ മരണപ്പെട്ടു. തുടർന്ന് സഹായത്തിനുണ്ടായിരുന്ന സഹോദരി മീനാക്ഷി എട്ടു വർഷം മുൻപ് വിടവാങ്ങിയതോടെ രോഹിണി പൂർണ്ണമായും ഒറ്റയ്ക്കായി.
മുൻപ് പശുവളർത്തലിലൂടെയായിരുന്നു ഉപജീവനം കണ്ടെത്തിയിരുന്നത്. എന്നാൽ വാതം ബാധിച്ച് കാലുകൾക്ക് സ്വാധീനം കുറഞ്ഞതോടെ അതും അസാധ്യമായി മാറി.
മുറ്റത്തിറങ്ങാനോ, 50 മീറ്റർ അകലെയുള്ള ശുചിമുറിയിലേക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണ് അവർ. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും “എല്ലാം ശരിയാക്കാം” എന്ന പതിവ് മറുപടിയിൽ കാര്യങ്ങൾ അവസാനിക്കുകയാണ്.
പട്ടികജാതി വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾക്കായി പലതവണ അപേക്ഷ സമർപ്പിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ക്ഷീരകർഷക ക്ഷേമനിധിയിൽ നിന്നുള്ള പെൻഷനും വിധവാ പെൻഷനുമാണ് ഏക വരുമാനമാർഗ്ഗം.
ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം മരുന്നുകൾക്കായാണ് ചെലവഴിക്കുന്നത്. നിലവിൽ താമസിക്കുന്ന വീട് രോഹിണിയുടെ അമ്മ പനയൻ പൊക്കിയുടെ പേരിലാണെന്ന സാങ്കേതിക തടസ്സമാണ് ഭവനപദ്ധതികളിൽ ഉൾപ്പെടുന്നതിന് തടസ്സമായി പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഴിയുന്ന ഈ വയോധികയുടെ ജീവിതം ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നു എന്നത് ദയനീയമായ യാഥാർത്ഥ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

