തൃശ്ശൂർ ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ യുവാവിനെ അന്യായമായി തടഞ്ഞുവെച്ച് മർദിക്കുകയും, കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം സ്വദേശിയായ വിനുകുമാർ എന്ന പോലീസുകാരനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ സിദ്ധാർഥ് (22) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.
ഇക്കഴിഞ്ഞ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊരട്ടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ ഉദ്യോഗസ്ഥൻ അസഭ്യം പറയുകയും, കഴുത്ത്, കവിൾ, നെറ്റി, മൂക്ക് എന്നിവിടങ്ങളിൽ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
കൂടാതെ, യുവാവിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്സെറ്റ് എന്നിവ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് തകർത്തതായും പരാതിയിലുണ്ട്. ഇതിലൂടെ 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
മർദനമേറ്റ സിദ്ധാർഥിനെ തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തേടി. ഈ സംഭവത്തിൽ കൊരട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സസ്പെൻഷനിലായ വിനുകുമാറിനെതിരെ സമാനമായ നിരവധി പരാതികൾ നേരത്തെയും നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സേനയ്ക്കുള്ളിൽ നിന്ന് തന്നെ ഇദ്ദേഹത്തിനെതിരെ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

