തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായ രേഷ് ബാബു മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ വകുപ്പ് മേധാവിക്കും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ സാധാരണ ജയിലിലേക്ക് അയച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്റെ ഈ ഇടപെടല്‍.
ഈ വിഷയത്തില്‍ പ്രതികരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സംഭവത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി. “ജയില്‍ വകുപ്പ് മേധാവിയുമായി സംസാരിച്ചു.
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ മര്‍ദനം ഉണ്ടായിട്ടുണ്ട് എന്ന രേഖ കാണാന്‍ സാധിച്ചിട്ടില്ല.
പ്ലേറ്റ്ലെറ്റ് കുറഞ്ഞതാണെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്” – എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം 17നാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് രേഷ് ബാബു ഉള്‍പ്പെടെയുള്ള നാല് പേരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കോടതിയില്‍ ഹാജരാക്കിയതും തുടര്‍ന്ന് മജിസ്ട്രേറ്റ് ഇവരെ റിമാന്‍ഡ് ചെയ്തതും. മകന് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.
രേഷ് ബാബു സാമൂഹ്യ സുരക്ഷാ പെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വ്യക്തിയാണെന്നും, ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പൊലീസ് കാണിച്ചത് കടുത്ത അലംഭാവമാണെന്നും സിപിഐഎം നേതാക്കള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബുവിന് പരുക്കേറ്റതായും അദ്ദേഹം ആശുപത്രിയിലാണെന്നും കാണിച്ച് ജയില്‍ അധികൃതര്‍ കുടുംബത്തെ വിവരം അറിയിക്കുന്നത്.
എന്നാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമായതെന്നാണ് ജയില്‍ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

