മുൻ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തിന്റെ ധനക്കമ്മിയും റവന്യൂ കമ്മിയും കുറച്ചുകാണിക്കാൻ സാമ്പത്തിക കണക്കുകളിൽ കൃത്രിമം നടന്നതായി നിയമസഭയിൽ സമർപ്പിച്ച ധവളപത്രം വ്യക്തമാക്കുന്നു. കോവിഡ് കാലഘട്ടത്തിലെ രണ്ട് വർഷങ്ങൾ ഒഴികെയുള്ള സമയങ്ങളിൽ റവന്യൂ വരവ് പെരുപ്പിച്ചും ചെലവുകൾ കുറച്ചുകാട്ടിയുമാണ് കണക്കുകൾ തയ്യാറാക്കിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനത്തിന്റെ വലിയൊരു പങ്കും ലോട്ടറി ടിക്കറ്റ് വിൽപനയിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ, ഈ വരുമാനത്തിന്റെ കണക്കുകൾ അവ്യക്തമാണെന്ന് ധവളപത്രം പറയുന്നു.
ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്ന തുക മൊത്തം വരുമാനമായി രേഖപ്പെടുത്തുമ്പോഴും, അതിൽ നിന്നുള്ള കമ്മിഷനുകളും സമ്മാനത്തുകകളും റവന്യൂ ചെലവായാണ് ഉൾപ്പെടുത്തുന്നത്. ഇത് ലോട്ടറിയിൽ നിന്നുള്ള യഥാർത്ഥ ലാഭം എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ തടസ്സമാകുന്നു.
ലോട്ടറി വരുമാനത്തിലെ ചാഞ്ചാട്ടം ധവളപത്രം എടുത്തുപറയുന്നുണ്ട്. 2015-16 സാമ്പത്തിക വർഷത്തിൽ 1148 കോടി രൂപയായിരുന്നു ലാഭം.
ഇത് 2018-19-ൽ 1946 കോടി രൂപയായി വർധിച്ചെങ്കിലും, 2019-20-ൽ 1499 കോടി രൂപയായി കുറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായ വർഷം ലാഭം വെറും 246 കോടി രൂപയിലേക്ക് കൂപ്പുകുത്തി.
ടിക്കറ്റ് വിൽപന മൂല്യം പിന്നീട് ഇരട്ടിയായെങ്കിലും, അതിനാനുപാതികമായ വളർച്ച ലാഭത്തിൽ ഉണ്ടായില്ല. കഴിഞ്ഞ വർഷങ്ങളിൽ ലോട്ടറി ലാഭം 1200 കോടി രൂപ കടന്നിട്ടില്ലെന്നിരിക്കെ, ഇക്കാര്യത്തിൽ വിശദമായ പരിശോധന അനിവാര്യമാണെന്ന് ധവളപത്രം നിരീക്ഷിക്കുന്നു.
സംസ്ഥാനത്തിന്റെ നികുതി വരുമാനവുമായി (SOTR) ബന്ധപ്പെട്ട കണക്കുകളിലും ഗുരുതരമായ പിഴവുകൾ ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
2016-17 മുതൽ 2025-26 വരെയുള്ള കാലയളവിലെ ബജറ്റ് എസ്റ്റിമേറ്റുകൾ പരിശോധിക്കുമ്പോൾ, വരുമാന ലക്ഷ്യങ്ങൾ അമിതമായി പെരുപ്പിച്ചു കാണിച്ചതായി വ്യക്തമാണ്. ഇത്തരം ഊഹക്കണക്കുകൾ വിശ്വസനീയമല്ലെന്നും, യഥാർത്ഥ കണക്കുകൾക്ക് പകരം ശുഭാപ്തിവിശ്വാസം മാത്രം മുൻനിർത്തി തയ്യാറാക്കിയ ബജറ്റ് രേഖകൾ സാമ്പത്തിക അച്ചടക്കത്തെ ബാധിച്ചുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
ബജറ്റ് ലക്ഷ്യവും യഥാർത്ഥ വരുമാനവും തമ്മിലുള്ള അന്തരം മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ കുറഞ്ഞുവരുന്നത് മാത്രമാണ് ഏക ആശ്വാസമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

