തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതിയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചെമ്മരുതി തറട്ടയിൽ കീഴെത്തൊടി വീട്ടിൽ സുബിന (30) ആണ് തിങ്കളാഴ്ച ഉച്ചയ്ക്കു കഴുത്തിൽ കുത്തേറ്റു ദാരുണമായി മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് ഷാജനെ (39) അയിരൂർ പൊലീസ് സംഭവ സ്ഥലത്തു നിന്ന് ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ഇവരുടെ ഏകമകൾ ആറു വയസ്സുകാരി നസ്രിയ ഫാത്തിമയുടെ പിറന്നാൾ ദിവസമായിരുന്നു.
പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഇവർക്കിടയിൽ കുടുംബ സംബന്ധമായ പഴയ ചില പ്രശ്നങ്ങളിൽ വാക്കുതർക്കം ഉണ്ടായത്. സംഭവം നടക്കുമ്പോൾ ഷാജന്റെ ഉമ്മ വീടിനു പുറത്തായിരുന്നു.
വാക്കുതർക്കം മുറുകിയതോടെ ഷാജൻ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ ആഴത്തിൽ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. പകൽ രണ്ടു മണിക്കു കുത്തേറ്റു വീണ സുബിനയെ ആശുപത്രിയിലെത്തിക്കാനോ മറ്റുള്ളവരെ അറിയിക്കാനോ ഷാജൻ ആദ്യം തയാറായില്ല.
അര മണിക്കൂറിലധികം കഴിഞ്ഞാണ്, അടുത്ത സുഹൃത്തിനെ മാത്രം മൊബൈലിൽ വിളിച്ചു വീട്ടിലെത്താൻ ഷാജൻ ആവശ്യപ്പെടുന്നത്. തുടർന്നു സുഹൃത്ത് വീട്ടിലെത്തിയ വേളയിലാണ് ക്രൂരകൃത്യം പുറത്തറിയുന്നത്.
സുബിനയെ ആശുപത്രിയിലെത്തിക്കാനുള്ള നിർണായക സമയം അതോടെ പിന്നിട്ടിരുന്നു. തുടർന്നു പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ജീവന്റെ നേരിയ തുടിപ്പ് ഉണ്ടായിരുന്ന സുബിനയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പ്ലമർ ജീവനക്കാരനായ ഷാജനെ സംബന്ധിച്ചു മറ്റു ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. അറസ്റ്റിലായ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
സുബിനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബ സ്ഥലമായ പരവൂരിൽ കബറടക്കം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

