മൂന്നാർ മേഖലയിലെ മാതൃകാ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി രണ്ട് പുതിയ പാലങ്ങൾ നിർമിക്കാൻ സർക്കാർ ഔദ്യോഗിക നടപടികൾ ആരംഭിച്ചു. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമുള്ള മണലിയാറിനു കുറുകെയും കണ്ടത്തികുടയിലെ പുഴയ്ക്ക് കുറുകെയുമാണ് പുതിയ പാലങ്ങൾ യാഥാർത്ഥ്യമാക്കുന്നത്.
ഇടമലക്കുടി സ്വദേശിയായ ചന്ദനം എന്ന യുവാവ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച പരാതിക്ക് ലഭിച്ച മറുപടിയിലാണ് ഈ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിൽനിന്ന് വെറും 400 മീറ്റർ മാത്രം അകലെയുള്ള മണലിയാറിന് സമീപം വരെ മാത്രമാണ് നിലവിൽ വാഹന ഗതാഗതം സാധ്യമാകുന്നത്.
മണലിയാറിന് കുറുകെ പുതിയ പാലം വരുന്നതോടെ ഇവിടത്തെ എട്ടിലധികം ഉന്നതികളിലേക്ക് യാത്രാസൗകര്യം ലഭ്യമാകും. മണലിയാറിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിന്റെ പുതുക്കിയ രൂപരേഖ (ഡിസൈൻ) തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു.
അതേസമയം, കണ്ടത്തി കുടിയിൽ പട്ടികവർഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ നിശ്ചയിച്ചിരുന്ന പാലത്തിനായി നാല് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നിരുന്നില്ല. തുടർന്ന് ഈ പദ്ധതിക്കായി വീണ്ടും റീടെൻഡർ ക്ഷണിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഈ രണ്ട് പാലങ്ങളുടെയും നിർമാണം പൂർത്തിയാകുന്നതോടെ ഇടമലക്കുടിയിലെ പതിനഞ്ചിലധികം ഉന്നതികളിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകും. റോഡ് സൗകര്യമില്ലാത്തതിനാൽ ഗുരുതര രോഗികളെയും ഗർഭിണികളെയും ഇന്നും മഞ്ചലിൽ ചുമന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന ദുരിതാവസ്ഥയ്ക്കാണ് ഇതിലൂടെ വിരാമമാകുന്നത്.
പദ്ധതികൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

