എറണാകുളം പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച് വധശ്രമം നടത്തിയ കേസിലെ പ്രതി കോടതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപടി സ്വദേശിയായ അദിനാൻ ആണ് കോടതി സമുച്ചയത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോടതിയിൽ ഹാജരാക്കാനായി കൈവിലങ്ങോടെയാണ് പ്രതിയെ പെരുമ്പാവൂർ കോടതിയിൽ എത്തിച്ചത്.
കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടയിൽ ഇയാൾ കൈവിലങ്ങോടെ തന്നെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തി പ്രതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. തുടർന്നുള്ള പരിശോധനകൾക്കായി ഇയാളെ സ്കാനിങ്ങിന് വിധേയനാക്കി.
പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അദിനാൻ പ്രതിയായിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പോക്സോ കേസിൽ ഇയാൾ അറസ്റ്റിലായത്.
തുടർന്ന് കഴിഞ്ഞ മാസം 18ന് പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്.
പെൺകുട്ടിയെ വലിച്ചിഴച്ച് വീടിന്റെ സിറ്റൗട്ടിൽ എത്തിച്ച ശേഷം കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ഒഴിഞ്ഞുമാറിയതുകൊണ്ട്മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ഈ ആക്രമണത്തിൽ പെൺകുട്ടിയുടെ ഇരു കൈകൾക്കും പരിക്കേറ്റിരുന്നു. ബഹളം കേട്ട് പ്രതിയെ പിടിച്ചുമാറ്റാൻ എത്തിയ അയൽവാസികളായ രണ്ട് യുവാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിന്നീട് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

