രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്ത് ടീമിനെതിരെ ആദ്യ ഇന്നിങ്സില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലാണ് കേരള ടീം.
ടൂര്‍ണമെന്റില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ശേഷമാണ് ഗുജറാത്ത് തങ്ങളുടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. രണ്ടാം ദിവസത്തെ മത്സരത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 534 റണ്‍സ് എന്ന സ്കോറിലാണ് ഗുജറാത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.
പുറത്താകാതെ നിന്ന് ഇരട്ട സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേല്‍ ആണ് ആതിഥേയര്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
അഞ്ച് വിക്കറ്റിന് 300 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ഉര്‍വില്‍ പട്ടേലും വിശാല്‍ ജയ്സ്വാളും ചേര്‍ന്ന് മികച്ച രീതിയില്‍ ഇന്നിങ്സ് മുന്നോട്ടുനയിച്ചു.
ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 68 റണ്‍സാണ്. ഇതിനിടയില്‍ ഉര്‍വില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി.
ആദിത്യ സര്‍വാടെയുടെ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തിയാണ് ഉര്‍വില്‍ 91 പന്തില്‍ സെഞ്ച്വറിയിലെത്തിയത്. സ്കോര്‍ 368ല്‍ നില്‍ക്കെ 77 റണ്‍സെടുത്ത വിശാല്‍ ജയ്സ്വാള്‍ റണ്ണൗട്ടായി പുറത്തായി.
പകരമെത്തിയ ചിന്തന്‍ ഗജ (1) എന്‍.പി. ബേസിലിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ കുടുങ്ങി.
എന്നാല്‍ എട്ടാം വിക്കറ്റില്‍ ഉര്‍വില്‍ പട്ടേലും അമിത് ദേശായിയും ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 36 റണ്‍സെടുത്ത അമിതിനെ പുറത്താക്കി ആദിത്യ സര്‍വാടെ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടര്‍ന്നെത്തിയ സിദ്ധാര്‍ത്ഥ് ദേശായിയും ഉര്‍വിലിന് ഉറച്ച പിന്തുണ നല്കി. ഉര്‍വില്‍ തകര്‍ത്തടിച്ച് ഇരട്ട
സെഞ്ച്വറിയിലേക്ക് കുതിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ സിദ്ധാര്‍ത്ഥ് പ്രതിരോധം തീര്‍ത്തു. ഇരുവരും ചേര്‍ന്ന 82 റണ്‍സ് കൂട്ടുകെട്ടില്‍ 18 റണ്‍സ് മാത്രമായിരുന്നു സിദ്ധാര്‍ത്ഥിന്റെ സമ്പാദ്യം.
സിദ്ധാര്‍ത്ഥ് പുറത്തായതിന് പിന്നാലെ ഗുജറാത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 210 റണ്‍സ് എടുത്ത ഉര്‍വില്‍ പട്ടേല്‍ പുറത്താകാതെ നിന്നു.
227 പന്തുകളില്‍ നിന്ന് 17 ഫോറുകളുടെയും ആറ് സിക്സുകളുടെയും അകമ്പടിയോടെയാണ് ഉര്‍വില്‍ ഈ നേടം സ്വന്തമാക്കിയത്. കേരളത്തിന് വേണ്ടി എന്‍.പി.
ബേസില്‍ മൂന്ന് വിക്കറ്റും ആദിത്യ സര്‍വാടെ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു.
ഓപ്പണര്‍ രോഹന് കുന്നുമ്മലിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 റണ്‍സെടുത്ത രോഹനെ അര്‍സാന്‍ നഗ്വാസ്വെല്ലയുടെ പന്തില്‍ സരള്‍ പ്രജാപതി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
10 റണ്‍സെടുത്ത അഭിഷേക് പി. നായരെയും അര്‍സാന്‍ തന്നെ മടക്കി അയച്ചു.
പിന്നാലെയെത്തിയ വരുണ്‍ നായനാര്‍ 17 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ വിഷ്ണു വിനോദും സച്ചിന് ബേബിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു.
കളി നിര്‍ത്തുമ്പോള്‍ വിഷ്ണു വിനോദ് 21 റണ്‍സുമായും സച്ചിന് ബേബി 14 റണ്‍സുമായും പുറത്താകാതെ ക്രീസില്‍ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

