മലയാള മാധ്യമരംഗത്തെ പ്രമുഖനും എട്ടു തവണ ഫുട്ബോൾ ലോകകപ്പ് റിപ്പോർട്ട് ചെയ്ത ഫ്രീലാൻസ് സ്പോർട്സ് ലേഖകനുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പ് ‘ലൗ ഡെയ്ലിൽ’ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
സംസ്കാരം ഇന്നു വൈകിട്ട് 6ന് മാവൂർ റോഡ് സ്മൃതിപഥത്തിൽ നടക്കും. കോഴിക്കോട് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം.
വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1996 ലാണ് സർവീസിൽ നിന്നും വിരമിച്ചത്. ജലസേചന വകുപ്പിൽനിന്നു വിരമിച്ച എൻജിനീയർ പരേതയായ പാറക്കുളങ്ങര പാർവതിയാണ് ഭാര്യ.
സുതീഭ്, പ്രസീത് എന്നിവർ മക്കളും നിമ്മി, റിങ്കു എന്നിവർ മരുമക്കളുമാണ്. 1958-ൽ ‘പാനപാത്രത്തിന്റെ കാമുകി’ എന്ന തന്റെ ആദ്യ നോവൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.
കായികരംഗത്തും സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം, കൊൽക്കത്തയിൽ പെലെ കളിച്ച മോഹൻ ബഗാൻ-ന്യൂയോർക്ക് കോസ്മോസ് മത്സരവും (1977) വിവിധ ലോകകപ്പ് മത്സരങ്ങളും (സ്പെയിൻ 1982, മെക്സിക്കോ 1986, ഇറ്റലി 1990, ഫ്രാൻസ് 1998, കൊറിയ-ജപ്പാൻ 2002, ജർമനി 2006, ദക്ഷിണാഫ്രിക്ക 2010) ഒരു യൂറോ കപ്പ് ചാംപ്യൻഷിപ്പും (ഓസ്ട്രിയ-സ്വിറ്റ്സർലൻഡ് 2008) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് 2014 ലോകകപ്പും അദ്ദേഹം കവർ ചെയ്യുകയുണ്ടായി.
പോളിടെക്നിക്കിന്റെയും കോഴിക്കോട് യങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെയും ജില്ലാ ഫുട്ബോൾ ടീമിന്റെയും ക്യാപ്റ്റനായി വിവിധ ടൂർണമെന്റുകളിൽ അദ്ദേഹം പന്തു തട്ടിയിട്ടുണ്ട്. കൂടാതെ നിരവധി സ്പോർട്സ് സംഘടനകളുടെയും കലാ-സാംസ്കാരിക സംഘടനകളുടെയും ഭാരവാഹിത്വവും വഹിച്ചു.
പ്രമുഖ നടൻ പ്രേംനസീർ നായകനായ ‘ഫുട്ബോൾ ചാംപ്യൻ’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002-ലെ ലോകകപ്പ് വേദിയിൽ സോളിലെ (ദക്ഷിണ കൊറിയ) ഏറ്റവും മികച്ച വിദേശ ലേഖകനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

